റിപ്പബ്ലിക് ദിനത്തില്‍ അന്റാര്‍ട്ടിക്കയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയോ? വീഡിയോയുടെ സത്യമറിയാം

റിപ്പബ്ലിക് ദിനത്തില്‍ അന്റാര്‍ട്ടിക്കയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയോ? വീഡിയോയുടെ സത്യമറിയാം

75-ാമത് റിപ്പബ്ലിക് ദിനത്തില്‍ 7500 ചതുരശ്ര അടി വിസ്തൃതിയുള്ള ദേശീയപതാക അന്റാര്‍ട്ടിക്കയില്‍ ഉയര്‍ത്തി ലോക റെക്കോഡ് നേടിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.

രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച 2023 ജനുവരി 26ന് അന്റാര്‍ട്ടിക്കയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി ലോക റെക്കോര്‍ഡിട്ടതായി പ്രചാരണം. 7500 ചതുരശ്ര അടി വിസ്തൃതിയുള്ള ദേശീയ പതാക അന്റാര്‍ട്ടിക്കയില്‍ ഉയര്‍ത്തിയതായാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം.

Fact-check: 

റിപ്പബ്ലിക് ദിനത്തില്‍ സംഭവവികാസങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതാണ്. കൂടുതല്‍ വനിതകള്‍ അണിനിരന്ന, നാരീശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് ദിന പരേഡും ഫ്രഞ്ച് പ്രസിഡന്റിന്റെയും ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായ മ്യൂസിക് ബാന്‍ഡിന്റെയും സാന്നിധ്യവുമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ വാര്‍ത്താപ്രാധാന്യം നേടിയ കാര്യങ്ങള്‍.  അതേസമയം അന്റാര്‍ട്ടിക്കയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി ലോക റെക്കോഡ് കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ അത് വലിയ വാര്‍ത്തയാകുമായിരുന്നു. ഇത്തരത്തില്‍ പുതിയ മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനാകാത്തതാണ്  വസ്തുത പരിശോധനയിലേക്ക് നയിച്ചത്. 

പ്രചരിക്കുന്ന വീഡിയോയിലെ ലോഗോയെക്കുറിച്ചാണ് ആദ്യം പരിശോധിച്ചത്. ഇത് പ്രതിരോധ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍ ഡയറക്ടറേറ്റിന്റെ ലോഗോയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജമ്മു  പ്രതിരോധ മന്ത്രാലയ പബ്ലിക് റിലേഷന്‍ ഡയറക്ടറേറ്റും പ്രതിരോധമന്ത്രാലയ വക്താവ് എ. ഭരത് ഭൂഷണ്‍ ബാബുവും ഈ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചതായി കണ്ടെത്തി. 

‘2021-ല്‍നിന്നുള്ള ഒരു ചരിത്രനിമിഷം ഈ റിപ്പബ്ലിക് ദിനത്തില്‍ പങ്കുവെയ്ക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ദൃശ്യങ്ങള്‍ പഴയതാണെന്ന് ഉറപ്പായി. വര്‍ഷം ഉള്‍പ്പെടെ നല്‍കി ദൃശ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചതോടെ 2021 ഡിസംബറില്‍  പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ വാര്‍ത്താക്കുറിപ്പ് കണ്ടെത്തി. 

‘മിഷന്‍ അന്റാര്‍ട്ടിക്ക’യുടെ ഭാഗമായി ഡാര്‍ജലിങിലെ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ ബെയ്സില്‍ പതായ ഉയര്‍ത്തിയതിനെക്കുറിച്ചാണ് വാര്‍ത്ത. 2021 നവംബര്‍ 21 നാണ് പതാക ഉയര്‍ത്തിയതെന്നതുള്‍പ്പെടെ യാത്രയുടെ മറ്റ് വിവരങ്ങളും പത്രക്കുറിപ്പില്‍ നല്‍കിയിട്ടുണ്ട്. പത്രക്കുറിപ്പിനൊപ്പം നല്‍കിയ ചിത്രങ്ങളില്‍നിന്ന് പ്രചരിക്കുന്ന വീഡിയോ ഈ സംഭവത്തിന്റേതാണെന്ന് വ്യക്തമാണ്.

The Statesman ഉള്‍പ്പെടെ മാധ്യമങ്ങളും ചിത്രസഹിതം ഈ വാര്‍ത്ത 2021 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം. 

NDTV നല്‍കിയ വീഡിയോ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രചരിക്കുന്ന വീഡിയോയിലെ അതേ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും വിവിധ റിപ്പോര്‍ട്ടുകളില്‍ നല്‍കിയിട്ടുണ്ട്. ‌

ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സംഘത്തിന് 2023 ഡിസംബര്‍ 13 ന് ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്റെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കിയതിനെക്കുറിച്ചും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പ് ലഭ്യമാണ്. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് 75-ാമത് റിപ്പബ്ലിക് ദിനാഘോഷവുമായി നേരിട്ട് ബന്ധമില്ലെന്നും വീഡിയോ 2021 നവംബറിലേതാണെന്നും വ്യക്തമായി. 

logo
South Check
southcheck.in