Fact Check: ഗാസയില്‍ ഹമാസ് കീഴടങ്ങുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

ഗാസയില്‍ ഹമാസ് സൈന്യം അര്‍ധനഗ്നരായി കീഴടങ്ങുന്ന ദൃശ്യമെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ഗാസയില്‍ ഹമാസ് കീഴടങ്ങുന്ന ദൃശ്യം?  വീഡിയോയുടെ സത്യമറിയാം
Published on
2 min read

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം തുടരുന്ന ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ഹമാസ് സൈന്യം കീഴടങ്ങുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒരുകൂട്ടം പേര്‍ അര്‍ധനഗ്നരായി നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗാസയില്‍ ഹമാസികളുടെ കീഴടങ്ങല്‍ തുടരുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഹമാസ് സൈന്യമല്ല ദൃശ്യങ്ങളിലുള്ളതെന്നും  വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു. 

പ്രചരിക്കുന്ന വീഡിയോയുടെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യം പലരും പല വിവരണങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഒരു എക്സ് ഉപയോക്താവ് WAFA വാര്‍ത്താ ഏജന്‍സി വഴി പങ്കുവെച്ച ഇതേ വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണപ്രകാരം ഇത് ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രി ഇസ്രയേല്‍ സൈന്യം കൈയ്യേറിയതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണെന്ന സൂചന ലഭിച്ചു. ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശുപത്രിയിലെ രോഗികളെയും ബലംപ്രയോഗിച്ച് പുറത്താക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രി കൈയ്യേറിയതായാണ് വിവരണം. 2024 ഡിസംബര്‍ 27നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ സൂചനകളിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2024 ഡിസംബര്‍ 27ന് അറബ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഈ സംഭവത്തെ സാധൂകരിക്കുന്നു. വടക്കന്‍ ഗാസയിലെ ആകെയുള്ള മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലൊന്നായ കമല്‍ അദ്വാന്‍ ആശുപത്രിയിലാണ് സംഭവമെന്നും രോഗികളും ആശുപത്രി ജീവനക്കാരുമടക്കം നൂറോളം പേരെ പുറത്താക്കിയശേഷമാണ് ഇസ്രയേലി സൈന്യം ആശുപത്രി തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

മലയാളത്തില്‍ ഡൂള്‍ന്യൂസും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. രണ്ട് റിപ്പോര്‍ട്ടുകളിലും പ്രചരിക്കുന്ന വീഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറെ കാലങ്ങളായി ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയില്‍നിന്ന് ജീവനക്കാരെയും രോഗികളെയും അര്‍ധനഗ്നരാക്കി ഇറക്കിവിട്ടശേഷം ആശുപത്രിയ്ക്ക് സൈന്യം തീയിട്ടതായി ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദി ഹിന്ദു ഉള്‍പ്പെടെ മറ്റ് പല ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റുകളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഹമാസികള്‍ കീഴടങ്ങുന്ന ദൃശ്യമല്ല വീഡിയോയിലുള്ളതെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in