
ബീഹാറിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രതിഷേധയാത്രയ്ക്ക് ആളില്ലെന്ന തരത്തിലും വന്‍ ജനത്തിരക്കെന്ന തരത്തിലും വ്യത്യസ്ത ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരുമിനുറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുവരുന്നത് കാണാം. അതേസമയം ജനത്തിരക്ക് അവകാശപ്പെടുന്ന ദൃശ്യങ്ങളില്‍ ഒരു റോഡിലുടനീളം തിങ്ങിനിറഞ്ഞ ജനങ്ങളെയും വീഡിയോയുടെ മേലെ രാഹുല്‍ഗാന്ധിയുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.
വോട്ടര്‍ അധികാര്‍ യാത്രയില്‍ ആളില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജനത്തിരക്കെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രസ്തുത യാത്രയുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടത്തി.
പ്രചരിക്കുന്ന വീഡിയോയില്‍ ആദ്യത്തേതിന്റെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ സമാന ദൃശ്യങ്ങള്‍ PTI വാര്‍ത്താ ഏജന്‍സിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ബീഹാറിലെ ഔറംഗാബാദിലെ സൂര്യക്ഷേത്രം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വോട്ടര്‍ അധികാര്‍ യാത്രയുടെ രണ്ടാംദിവസമായിരുന്നു സന്ദര്‍ശനമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവും കൂടെയുണ്ടായിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ടിലുണ്ട്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റ് റിപ്പോര്‍ട്ടുകളും ലഭിച്ചു. ദി ട്രിബ്യൂണ്‍ നല്‍കിയ യൂട്യൂബ് വീഡിയോയില്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ വാഹനങ്ങള്‍ കാണാം. ക്ഷേത്രദര്‍ശനത്തിന് മുന്‍പോ ശേഷമോ നടന്ന യാത്രയിലെ ദൃശ്യങ്ങളാണിത്. ഇതോടെ ക്ഷേത്രദര്‍ശന സമയത്ത് ക്ഷേത്രത്തിനകത്തേക്ക് കുറച്ചുപേര്‍ മാത്രമാകാം കയറിയതെന്ന സൂചന ലഭിച്ചു.
ഇതേദിവസത്തെ വോട്ടര്‍ അധികാര്‍ യാത്രയുടെ മറ്റ് ദൃശ്യങ്ങളും പരിശോധിച്ചു. ഹിന്ദുസ്ഥാന്‍ ലൈവ് എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ യാത്രയിലുടനീളം നിരവധി പേരെ കാണാം. ഇതോടെ ആളില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും യാത്രയ്ക്കിടെ നടത്തിയ ക്ഷേത്രദര്‍ശന സമയത്തെ ദൃശ്യങ്ങളുപയോഗിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമെന്നും വ്യക്തമായി.
തുടര്‍ന്ന് രണ്ടാമത്തെ ദൃശ്യം പരിശോധിച്ചു. വോട്ടര്‍ അധികാര്‍ യാത്രയിലെ ജനസഞ്ചയമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന അതേ വീഡിയോ 2025 ജൂലൈയില്‍ ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കിട്ടതായി കണ്ടെത്തി. ഇതോടെ ദൃശ്യങ്ങള്‍ പ്രസ്തുത പ്രതിഷേധ പരിപാടിയിലേതല്ലെന്ന് വ്യക്തമായി.
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരണമനുസരിച്ച് ഇത് മഹാരാഷ്ട്രയില്‍ നടന്ന പരിപാടിയാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് മഹാരാഷ്ട്രയിലെ പാല്‍ഖി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയുടെ ദൃശ്യങ്ങളാണെന്ന് കണ്ടെത്തി. ചില മറാഠി ചാനലുകളില്‍നിന്ന് ദൃശ്യങ്ങളുടെ ദൈര്‍ഘ്യമേറിയ പതിപ്പും ലഭിച്ചു.
ടൈംസ് ഓഫ് ഇന്ത്യയും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടെത്തി.
ഇതോടെ വോട്ടര്‍ അധികാര്‍ യാത്രയിലെ ജനത്തിരക്കെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രസ്തുത യാത്രയുമായി ബന്ധമില്ലെന്ന് വ്യക്തമായി.
വോട്ടര്‍ അധികാര്‍ യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി വളരെ കുറച്ച് പേര്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ സമയത്തെ ദൃശ്യങ്ങളാണെന്നും ജനത്തിരക്കെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ മഹാരാഷ്ട്രയില്‍ നടന്ന പാല്‍ഖി ഘോഷയാത്രയുടെ ദൃശ്യങ്ങളാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.