ഭരണഘടനയില്‍ ഹിന്ദുമതപഠനം വിലക്കുന്ന നിയമമുണ്ടോ? ‘ആര്‍ട്ടിക്ക്ള്‍ 30-A’ എന്തെന്നറിയാം

ഹൈന്ദവ വിശ്വാസികള്‍ക്ക് അവരുടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി പോലും മതം പഠിപ്പിക്കാനോ പ്രചരിപ്പിക്കാനോ വിലക്കേര്‍പ്പെടുത്തുന്ന ഭരണഘടനയിലെ അനുച്ഛേദം 30-A റദ്ദാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
ഭരണഘടനയില്‍ ഹിന്ദുമതപഠനം വിലക്കുന്ന നിയമമുണ്ടോ? ‘ആര്‍ട്ടിക്ക്ള്‍ 30-A’ എന്തെന്നറിയാം

ഹിന്ദുമതപഠനം വിലക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 30-A റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന അവകാശവാദത്തോടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നരേന്ദ്രമോദിയുടെ രണ്ടാം പ്രഹരം എന്ന വിശേഷണത്തോടെ അദ്ദേഹത്തിന്റെ ചിത്രസഹിതം പ്രചരിപ്പിക്കുന്ന സന്ദേശത്തില്‍ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ ഹിന്ദുമതപഠനം വിലക്കുന്ന നിയമമാണ് ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 30-A എന്നും അതേസമയം ആര്‍ട്ടിക്ക്ള്‍ 30 പ്രകാരം മുസ്ലിം, ക്രൈസ്തവ, സിഖ് വിഭാഗങ്ങള്‍ക്ക് അവരുടെ മതപഠന സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതിയുണ്ടെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.

ജവഹര്‍ലാല്‍ നെഹ്റു ഈ നിയമം കൊണ്ടുവന്ന വേളയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും സന്ദേശത്തിലുണ്ട്. 

Fact-check: 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിച്ച ആര്‍ട്ടിക്ക്ള്‍ 30-A യെക്കുറിച്ച് അന്വേഷിച്ചു. ഇതിനായി ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ കൈയ്യെഴുത്തുപ്രതി തന്നെയാണ് പരിശോധിച്ചത്. 30-A എന്ന ക്രമനമ്പറില്‍ ഒരു അനുച്ഛേദം കണ്ടെത്താനായില്ല. മൗലികാവകാശങ്ങല്‍ വിവരിക്കുന്ന മൂന്നാം ഭാഗത്തില്‍ അനുച്ഛേദം 30 രണ്ട് ഉപവാക്യങ്ങളായി നല്‍കിട്ടുണ്ട്. 

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും അവ നടത്താനുമുള്ള അവകാശത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  

  • ആര്‍ട്ടിക്ക്ള്‍ 30(1): ഭാഷാപരമോ മതപരമോ ആയ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവരുടെ ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ട്. 

  • ആര്‍ട്ടിക്ക്ള്‍ 30(2): മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍‌ വിവേചനം കാണിക്കാന്‍ പാടില്ല.  

പിന്നീട് 1979 ലെ 44-ാം ഭേദഗതി പ്രകാരം ഇത്തരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വസ്തുവകകളോ ഭൂമിയോ ഏറ്റെടുക്കുന്നത് സംബന്ധിച്ച് 30(1)(A) കൂട്ടിച്ചേര്‍ത്തു. ഇതിലും മതപരമായ യാതൊരു പരാമര്‍ശവുമില്ലെന്ന് കാണാം. ഭേദഗതി ഉള്‍പ്പെടെ നിലവിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇത്തരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി രാജ്യത്ത് ദേശീയ കമ്മീഷനും നിലവിലുണ്ട്. 

ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിലെ ആദ്യഭാഗം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. ഭരണഘടനയില്‍ 30(A) എന്ന അനുച്ഛേദം നിലവിലില്ലെന്നും ആര്‍ട്ടിക്ക്ള്‍ 30-ഓ അതിന്റെ ഉപവാക്യങ്ങളോ ഹിന്ദുമതപഠനത്തെ വിലക്കുന്നില്ലെന്നും വ്യക്തമായി. 

‌കൂടാതെ സന്ദേശത്തില്‍ അവകാശപ്പെടുന്നതുപോലെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ് എന്നീ മതവിഭാഗങ്ങളെ ഈ അനുച്ഛേദങ്ങളിലെവിടെയും പരാമര്‍ശിക്കുന്നില്ലെന്നും കാണാം. 

തുടര്‍ന്ന് ഇത്തരം സ്ഥാപനങ്ങളിലെ മതപ്രചരണവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുംം പരാമര്‍ശം ഭരണഘടനയിലുണ്ടോ എന്നും പരിശോധിച്ചു. അനുച്ഛേദം 28ന്റെ ഭാഗമായി പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മതപഠനം പാടില്ലെന്നും, അതേസമയം ഏതെങ്കിലും മതസംഘടനകളുടെയോ ട്രസ്റ്റുകളുടെയോ കീഴില്‍ സ്ഥാപിതമായ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടെന്നും ആര്‍ട്ടിക്ക്ള്‍ 28-ല്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ വ്യക്തിയുടെയോ രക്ഷാകര്‍ത്താവിന്റെയോ സമ്മതത്തോടെ മാത്രമേ മതപരമായ പഠനസെഷനുകളില്‍ പങ്കെടുപ്പിക്കാവൂ എന്നും വ്യവസ്ഥയുണ്ട്.

ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് മാത്രമായി രാജ്യത്ത് നിയന്ത്രണങ്ങളില്ലെന്ന് വ്യക്തമായി. 

വസ്തുത പരിശോധനയുടെ അവസാനഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും സര്‍ദാര്‍ പട്ടേലിനെക്കുറിച്ചും സന്ദേശത്തിനൊപ്പം നല്‍കിയ പ്രചാരണങ്ങള്‍ പരിശോധിച്ചു. സര്‍ദാര്‍ പട്ടേല്‍ ഈ അനുച്ഛേദത്തെ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണശേഷ​മാണ് നെഹ്റു ഇത് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് അവകാശവാദം. ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. എന്നാല്‍ 1950 ഡിസംബര്‍ 15 നാണ് സര്‍ദാര്‍ പട്ടേല്‍ അന്തരിച്ചത്. ഇതോടെ ഈ വാദവും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in