Fact Check: ബംഗ്ലാദേശില്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന മുസ്ലിംകള്‍? വീഡിയോയുടെ വാസ്തവം

ഐഡി പ്രൂഫ് പരിശോധിച്ച് ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്ന മുസ്ലിംകള്‍ എന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ബംഗ്ലാദേശില്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന മുസ്ലിംകള്‍? വീഡിയോയുടെ വാസ്തവം
Published on
2 min read

ബംഗ്ലാദേശില്‍ മതവിഭാഗങ്ങള്‍ തമ്മില്‍ ആക്രമണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മുസ്ലിംകള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്നുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഐഡി പ്രൂഫ് നോക്കി ഹിന്ദുവാണെന്ന് ഉറപ്പിച്ചതിന് ശേഷം ജിഹാദികള്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നുവെന്നാണ് വിവരണം

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഭവത്തിന് മതപരമായ തലങ്ങളില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ bdnews24 എന്ന ലോഗോ സൂചനയാക്കി പ്രസ്തുത ചാനലിന്റെ സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചതോടെ ഈ വീഡിയോ ചാനലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളില്‍ വാര്‍ത്തയായി പങ്കുവെച്ചതായി കണ്ടെത്തി. 

ബാംഗ്ല ഭാഷയില്‍ നല്‍കിയിരിക്കുന്ന വിവരണം പരിഭാഷപ്പെടുത്തിയതോടെ ദൃശ്യങ്ങളിലുള്ളത് മൂന്ന് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലെ സംഘട്ടനമാണെന്ന് വ്യക്തമായി. ഗവണ്മെന്റ് ഷാഹിദ് സൊഹറവര്‍ദി കോളജിലെയും നസ്റുല്‍ ഗവണ്മെന്റ് കോളജിലെയും വിദ്യാര്‍ത്ഥികള്‍ മഹബൂബൂറഹ്മാന്‍ മൊല്ല കോളജ് വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടിയെന്നാണ് വാര്‍ത്ത. 2024 നവംബര്‍ 25നായിരുന്നു സംഭവം. 

ഈ സൂചന ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ സംഭവവുമായി  ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ധാക്ക ട്രിബ്യൂണ്‍ നല്‍കിയ വാര്‍ത്തയില്‍ അഭിജിത്ത് ഹവില്‍ദാര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ധാക്ക നാഷണല്‍ മെഡിക്കല്‍ കോളജിനെതിരെ തുടങ്ങിയ സമരമാണ് പിന്നീട് മറ്റ് കോളജുകള്‍ തമ്മിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമരത്തിനിടെ കോളജിന് നേരെ ആക്രമണമുണ്ടായെന്നാരോപിച്ച് ഇതിന് പ്രതികാരമായാണ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് നിരവധി പ്രാദേശിക മാധ്യമങ്ങളിലും സംഭവം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവംബര്‍ 25ന് പ്രസിദ്ധീകരിച്ച ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘര്‍ഷത്തിന് മതപരമായ തലങ്ങളില്ലെന്നും വ്യക്തമായി.

logo
South Check
southcheck.in