Fact Check: ഇത് മന്‍മോഹന്‍ സിങിന്റെ അവസാന നിമിഷത്തെ ചിത്രമോ? സത്യമറിയാം

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ആശുപത്രിയില്‍നിന്നുള്ള അവസാന നിമിഷങ്ങളെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്.
Fact Check: ഇത് മന്‍മോഹന്‍ സിങിന്റെ അവസാന നിമിഷത്തെ ചിത്രമോ? സത്യമറിയാം
Published on
2 min read

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2024 ഡിസംബര്‍ 26 ന് രാത്രി പത്തോടെയാണ് ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അന്തരിച്ചത്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ലളിതമായ ജീവിതത്തെ കാണിക്കുന്ന നിരവധി സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവെച്ചു. ഇതിനൊപ്പമാണ് ആശുപത്രിയിലെ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന മന്‍മോഹന്‍സിങിന്റെ ചിത്രത്തില്‍ ഒരു ഡോക്ടറെയും സമീപത്ത് കാണാം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഈ ചിത്രം മൂന്ന് വര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സീ ന്യൂസ് 2021 ഒക്ടോബര്‍ 14ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എയിംസ് ആശുപത്രിയില്‍ മന്‍മോഹന്‍സിങിനെ സന്ദര്‍ശിച്ചതാണ് വാര്‍ത്ത. ചിത്രത്തില്‍ കേന്ദ്രമന്ത്രിയ്ക്കടുത്ത് ഡോക്ടറെയും കാണാം. ഈ ചിത്രത്തില്‍നിന്ന് ക്രോപ് ചെയ്തെടുത്ത ചിത്രമാണ് നിലവില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. 

പനിയെത്തുടര്‍ന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് മന്‍മോഹന്‍സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍  മന്‍സൂഖ് മാണ്ഡവ്യ അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന ചിത്രം ഉള്‍പ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 

മന്‍സൂഖ് മാണ്ഡവ്യ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ഡല്‍ഹി എയിംസിലെത്തുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ 2021 ഒക്ടോബര്‍ 14ന്  ANI ചില ചിത്രങ്ങള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്

അതേസമയം ഡോ. മന്‍സൂഖ് മാണ്ഡവ്യയുടെ ആശുപത്രി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും മാധ്യമവാര്‍ത്തകളില്‍ കാണാനായി. ആശുപത്രിയില്‍ വെച്ച് ചിത്രമെടുക്കരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടും ഫോട്ടോഗ്രാഫറുമായെത്തി കേന്ദ്രമന്ത്രി ചിത്രമെടുത്തതില്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്

ഇതോടെ പ്രചരിക്കുന്ന ചിത്രം ഡോ. മന്‍മോഹന്‍ സിങിന്റെ അവസാന നിമിഷത്തെ ചിത്രമല്ലെന്നും 2021 ല്‍ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച സമയത്ത് ആരോഗ്യമന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in