Fact Check: കുംഭമേളയില്‍ മുസ്ലിം നേതാവ്? വീഡിയോയുടെ വാസ്തവമറിയാം

മുസ്ലിം വേഷധാരിയായ ഒരാള്‍‌ സന്യാസവേഷം ധരിച്ച മറ്റൊരാള്‍ക്ക് ഖുര്‍ആന്‍ കൈമാറുന്ന ദൃശ്യമാണ് കുംഭമേളയിലേതെന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: കുംഭമേളയില്‍ മുസ്ലിം നേതാവ്? വീഡിയോയുടെ വാസ്തവമറിയാം
Published on
2 min read

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ ഒരു മുസ്ലിം നേതാവ് പങ്കെടുക്കുന്നതിന്റേതെന്ന തരത്തില്‍ വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വെറുതെ അതുവഴി പോയപ്പോള്‍ കയറിയതാകാം എന്ന പരിഹാസ്യവിവരണത്തോടെ പ്രചരിക്കുന്ന ചെറുവീഡിയോയില്‍ മുസ്ലിം വേഷധാരിയായ ഒരാളെ സന്യാസവേഷധാരിയായ മറ്റൊരാള്‍ ഷാളണിയിച്ച് ആദരിക്കുന്നതും പിന്നീട് ഇസ്ലാം ഗ്രന്ഥമായ ഖുര്‍ആന്‍ സന്യാസിക്ക് കൈമാറുന്നതും കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ക്ക് കുംഭമേളയുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ വീഡിയോ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇന്ത്യാടിവി 2023 ജനുവരി 8ന് പങ്കുവെച്ച വാര്‍ത്താറിപ്പോര്‍ട്ടില്‍ ഈ  വീഡിയോ കാണാം. മൗലാനാ അര്‍ഷദ് മദനി കൈലാഷ് ആനന്ദഗിരിയുമായി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ചാണ് വാര്‍ത്ത.

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ജാഗരണ്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ഇക്കാര്യം തന്നെയാണ് പറയുന്നത്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നേതാവായ മൗലാനാ അര്‍ഷദ് മദനി ഹരിദ്വാറിലാണ് കൈലാഷാനന്ദ ഗിരിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് 2023 ജനുവരി 8ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മുഖ്യ ചര്‍ച്ചാവിഷയങ്ങളും സാമൂഹ്യ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും ഏകീകൃത സിവില്‍ കോഡിനെ മദനി എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സിയാസത്ത് എന്ന മറ്റൊരു ഓണ്‍ലൈന്‍ പോര്‍ട്ടലിലും ചിത്രസഹിതം ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. വിശുദ്ധ ഖുര്‍ആനിന്റെ ഹിന്ദി പരിഭാഷ മദനി സ്വാമിയ്ക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരി 9നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയുമായി ബന്ധമില്ലെന്നും വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in