CPIM നെതിരെ സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കം സുപ്രഭാതം പത്രത്തില്‍ ലേഖനമെഴുതിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. അദ്ദേഹം ഈയിടെ നടത്തിയ മുസ്ലിം ലീഗ് വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പ്രചാരണം. സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം വര്‍ഗീയ ശക്തികളെ വളര്‍ത്താനുള്ള തന്ത്രമാണന്ന തലക്കെട്ടില്‍ സുപ്രഭാതം പത്രത്തില്‍ 2024 ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച ലേഖനമെന്ന തരത്തിലാണ് തിയതിയും അദ്ദഹേത്തിന്റെ ചിത്രവുമുള്‍പ്പെടെ ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. (Archive)
സമസ്ത പോരാളി എന്ന പേജില്‍നിന്ന് നിരവധി ഗ്രൂപ്പുകളിലും ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. (Archive 1, Archive 2, Archive 3)
പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഉമര്‍ഫൈസി ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തില്‍ നല്‍കിയ ലേഖനത്തിന്റെ ആദ്യഭാഗത്ത് ‘കഴിഞ്ഞ മാസം ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് മഹാറാലി’ എന്ന പരാമര്‍ശം കണ്ടെത്തി. തുടര്‍ന്ന് ലേഖനം മുഴുവനായും വായിച്ചതോടെ പഴയ സാഹചര്യങ്ങളെക്കുറിച്ചാണ് പല പരാമര്‍ശങ്ങളുമെന്ന സൂചന ലഭിച്ചു. ഉമര്‍ഫൈസിയുടെ പേരെഴുതിയിരിക്കുന്ന ഫോണ്ടിലെ വ്യത്യാസവും പ്രകടമാണ്. ഇതോടെ അദ്ദേഹത്തിന്റെ ചിത്രവും പേരും എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഈ തലക്കെട്ടില്‍ ലേഖനം സുപ്രഭാതം ഓണ്‍ലൈനില്‍ കണ്ടെത്താനായില്ല. 2021 ഡിസംബറിലാണ് ജയ്പൂരില്‍ കോണ്‍ഗ്രസിന്റെ മഹാറാലി നടന്നതെന്ന് സൂചിപ്പിക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. തുടര്‍ന്ന് 2022 ജനുവരിയിലെ ഇ-പേപ്പര്‍ പരിശോധിച്ചെങ്കിലും വെബ്സൈറ്റില്‍ അവ ലഭ്യമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് സുപ്രഭാതം ചീഫ് സബ് എഡിറ്റര്‍ ഇ.പി.മുഹമ്മദുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ലേഖനം ഉമര്‍ ഫൈസിയുടേതല്ലെന്നും രണ്ടുവര്‍ഷത്തോളം പഴയതാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തുടര്‍ന്ന് ലേഖനത്തിന്റെ യഥാര്‍ത്ഥ കോപ്പി ലഭിക്കുന്നതിനായി സുപ്രഭാതം ഓഫീസുമായി ബന്ധപ്പെട്ടു. 2022 ജനുവരി 23 ന് സുപ്രഭാതം പത്രത്തിലെ ആറാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പകര്‍പ്പ് അവര്‍ പങ്കുവെച്ചു.
പ്രൊഫസര്‍ റോണി കെ ബേബി എഴുതിയ ലേഖനത്തില്‍ അദ്ദേഹത്തിന്റെ പേരും ചിത്രവും മാറ്റി പകരം ഉമര്‍ഫൈസിയുടെ പേരും ചിത്രവും ചേര്‍ത്ത്, മുകളില്‍ തിയതിയും ചേര്‍ത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നാസര്‍ഫൈസി കൂടത്തായി ഈ ലേഖനത്തിന്റെ ചിത്രം 2022 ജനുവരി 23ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നതായും കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.