Fact Check: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കുമെന്ന് വി ഡി സതീശന്‍? വാസ്തവമറിയാം
കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷനേതാവിന്റെ പേരില്‍ വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ അന്യായ തടങ്കലില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ മോചിപ്പിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞതായാണ് പ്രചാരണം. മനോര ഓണ്‍ലൈനിന്റെ വാര്‍ത്താകാര്‍ഡില്‍ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാര്‍ഡ് ആണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഉള്‍പ്പെെ ഘടകങ്ങള്‍ പ്രചാരണം വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന തിയതിയില്‍ മനോരമ ഓണ്‍ലൈനിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചു. 2024 ഏപ്രില്‍ നാലിന് യുഡിഎഫ് SDPI പിന്തുണ നിരസിച്ചതുമായി ബന്ധപ്പെട്ട് പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്ന കാര്‍ഡിന് സമാനമാണെന്ന് കണ്ടെത്തി. ഇതിലെ വാക്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. പ്രചാരണം വ്യാജമാണെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ഗൂഢാലോചനയുമാണെന്നും അദ്ദേഹം ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥിരീകരണത്തിനായി പ്രതിപക്ഷനേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു.