

സംസ്ഥാനത്തെ പൊതു ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ കണ്ട് ഒരു യുവതി ആരോഗ്യമന്ത്രി വീണാജോര്‍ജിന് കത്തയച്ചതായി മന്ത്രി വെളിപ്പെടുത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രസവം നിര്‍ത്തിയ സ്ത്രീ മന്ത്രിയ്ക്ക് കത്തയച്ചെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ കാണുമ്പോള്‍ വീണ്ടും പ്രസവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ടെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയതായാണ് പോസ്റ്റിലെ അവകാശവാദം.
പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് മന്ത്രിയും പ്രസ്തുത അഭിമുഖം നടത്തിയ ചാനല്‍ എഡിറ്ററും വ്യക്തമാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന പോസ്റ്റിലെ അതിശയോക്തിയാണ് പ്രാഥമികമായി പ്രചാരണം വ്യാജമായേക്കാമെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് തന്നെ ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടതായി കണ്ടെത്തി. പ്രചാരണം പച്ചനുണയാണെന്നും വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ദി ഫോര്‍ത്ത് എന്ന ചാനലിന്റെ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയതെന്നും വിശദീകരണവുമായി മറ്റൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
ഇതില്‍ നല്‍കിയിരിക്കുന്ന സൂചന പ്രകാരം ദി ഫോര്‍ത്ത് യൂട്യൂബില്‍ പങ്കിട്ട മന്ത്രിയുടെ അഭിമുഖമാണ് തുടര്‍ന്ന് പരിശോധിച്ചത്. മൂന്ന് ഭാഗങ്ങളായി പങ്കിട്ടിരിക്കുന്ന അഭിമുഖത്തിലെവിടെയും ഇത്തരമൊരു പരാമര്‍ശം മന്ത്രി നടത്തിയതായി കണ്ടെത്താനായില്ല.
ദി ഫോര്‍ത്ത് ചാനലിലെ ന്യൂസ് എഡിറ്റര്‍ ഷാനോസ് ഡേവിഡാണ് മന്ത്രിയുമായി അഭിമുഖം നടത്തുന്നത്. പ്രചാരണം വ്യാജമാണെന്നും മന്ത്രി അഭിമുഖത്തിനിടെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Update (02-02-2026):
വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം പ്രസ്തുത പോസ്റ്റ് ഫെയ്സബുക്കില്‍നിന്ന് അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.