
ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ അവസാന ബോട്ടും ഇസ്രായേൽ പിടിച്ചെടുത്തു. ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനെറ്റ്. ആഗസ്റ്റ് 31ന് സ്പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ, ഇറ്റലിയിലെ സിസിലി എന്നിവടങ്ങളിൽ നിന്നായി 42 ചെറുകപ്പലുകളിലായി 500 സന്നദ്ധ പ്രവർത്തകരാണ് ഗസ്സയിലേക്ക് പുറപ്പെട്ടത്. ഒക്ടോബർ ഒന്നിന് 120 നോട്ടിക്കൽ മൈൽ അപകട മേഖലയിൽ കപ്പലുകൾ പ്രവേശിച്ചതോടെ ഇസ്രായേൽ സേന തടയുകയും ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തു. സ്വിഡീഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്, നെൽസൻ മണ്ടേലയുടെ മാണ്ട്ല മണ്ടേല ഉൾപ്പടെ കസ്റ്റഡിയിലാണ്. ഫ്ലോട്ടില തടഞ്ഞതിൽ യൂറോപ്പിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം തുടരുകയാണ്.
അതിനിടെ ഫ്രീഡം ഫ്ലോട്ടില ഗസ്സ തീരത്തെത്തിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. കടൽ തീരത്തുനിന്നുള്ള ദൃശ്യത്തിൽ ഫലസ്തീൻ പതാകയേന്തിയ നിരവധി പേരെ കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ ഗസ്സയിൽ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വീഡിയോയുടെ കിഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗം സെപ്തംബർ 12 ന് ഫേസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 11ന് __aysgulll__ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയുടെ രണ്ടാം ഭാഗവും പോസ്റ്റ് ചെയ്തതായി കണ്ടെത്തി. തുനീഷ്യയിൽ നിന്ന് പുറപ്പെടുന്നത് ഒരു കപ്പൽ മാത്രമല്ല മറിച്ച് മനുഷ്യത്വത്തിൻ്റെയും മനസ്സാക്ഷിയുടെയുടെയും ധീരതയുടെയുമാണെന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ലഭ്യമായ വിവരങ്ങളനുസരിച്ച് നടത്തിയ കീ വേഡ് പരിശോധനയിൽ സെപ്റ്റംബർ 11ന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. ഗസ്സയിലേക്ക് പോകാനിരിക്കുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ പിന്തുണയ്ക്കുന്നതിനായി സെപ്റ്റംബർ 10 ന് ആയിരക്കണക്കിന് തുനീഷ്യക്കാർ തൂണീസിനടുത്തെ സിഡി ബൗ സെയ്ദ് ബീച്ചിലേക്ക് ഒഴുകിയെത്തി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിന്റെ ഉപരോധത്തെ വെല്ലുവിളിച്ച് അവശ്യ വസ്തുക്കൾ എത്തിക്കലാണ് ഫ്ലോട്ടിലയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിലുണ്ട്. റോയിട്ടേഴ്സ് റിപ്പോർട്ടിലും വൈറൽ വീഡിയോയിലെ ഭാഗം ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്.
സുമൂദ് ഫ്രീഡം ഫ്ലോട്ടിലയെക്കുറിച്ചാണ് തുടര്‍ന്ന് പരിശോധിച്ചത്. അൽ ജസീറ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 3 ന് ഫ്ലോട്ടിലയിലെ അവസാന ബോട്ടും ഇസ്രായേൽ പിടിച്ചെടുത്തു. ഒക്ടോബർ 1 നാണ് ബോട്ടുകൾ 120 നോട്ടിക്കൽ മൈൽ അപകട മേഖലയിലെത്തിയത്. പിന്നാലെ 42 ബോട്ടുകളും ഇസ്രായേൽ സേന പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ ഫ്ലോട്ടില ഗസ്സ തീരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഗസ്സയിലേതല്ലെന്നും സ്ഥിരീകരിച്ചു.