Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

നേപ്പാളിലുണ്ടായ അതിശക്തമായ പ്രളയത്തിനിടെ അണക്കെട്ട് തകരുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് കാണാം.
Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ  സത്യമറിയാം
Published on
1 min read

നേപ്പാള്‍ പ്രളയത്തിനിടെ അണക്കെട്ട് തകരുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഡാമിന്റെ ഷട്ടറുകള്‍ തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നേപ്പാള്‍  പ്രളയത്തിനിടെയുണ്ടായ സംഭവമെന്ന തരത്തില്‍ പ്രചരിക്കുന്ന ഹ്രസ്വ വീഡിയോയില്‍ ഡാമിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല. 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച്  നടത്തിയ പരിശോധനയില്‍ ഈ വീഡിയോ നേപ്പാള്‍ പ്രളയത്തിന് മുന്‍പുതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതായി കണ്ടെത്തി. രോഹിത് കുമാര്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് 2026 ജൂലൈ 20ന് ഇതേ വീഡിയോ പങ്കിട്ടതായി കാണാം. ഇതിനൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ വീഡിയോ എഐ നിര്‍മിതമാണെന്നതിന്റെ സൂചനയും കാണാം. 

വീഡിയോ സൂക്ഷമായി പരിശോധിച്ചതോടെ ദൃശ്യങ്ങളില്‍ ആളുകളുടെയും വെള്ളത്തിന്റെയുമെല്ലാം ചലനത്തില്‍ ചില അസ്വാഭികതകള്‍ കണ്ടെത്തി.  കൂടാതെ സോറ എന്ന എഐ പ്ലാറ്റ്ഫോമിന്റെ ലോഗോയും വീഡിയോയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കാണാം. 

തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് പങ്കിട്ട ഇതേ ദൃശ്യങ്ങളിലും എഐ ലേബല്‍ കണ്ടെത്തി. ഇതും 2026 ജൂലൈയിലാണ് പങ്കിട്ടിരിക്കുന്നത്.

ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന വീഡിയോ നേപ്പാള്‍ പ്രളയത്തിന് മുന്‍പുതന്നെ സമൂഹമാധ്യമങ്ങളില്‍ ലഭ്യമായിരുന്നുവെന്നും ഇത് എഐ നിര്‍മിതമാണെന്നും സ്ഥിരീകരിച്ചതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in