ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറികള്‍ ഒഴിഞ്ഞുകിടന്നിട്ടും നല്‍കാതെ തട്ടിപ്പ്? വീഡിയോയുടെ സത്യമറിയാം

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമമുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവുന്നില്ലെന്നും നേരിട്ട് അന്വേഷിച്ചപ്പോള്‍ മുറികള്‍ ഒഴിവുള്ളതായി കണ്ടെത്തിയെന്നും അവകാശപ്പെട്ടാണ് എക്സില്‍ വീഡിയോ പ്രചരിക്കുന്നത്.
ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറികള്‍ ഒഴിഞ്ഞുകിടന്നിട്ടും നല്‍കാതെ തട്ടിപ്പ്? വീഡിയോയുടെ സത്യമറിയാം
Published on
2 min read

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമമുറിയുടെ പേരില്‍ തട്ടിപ്പെന്ന് സമൂഹമാധ്യങ്ങളില്‍ പ്രചാരണം. വീഡിയോ  സഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ ശീതീകരിച്ച മുറികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനായില്ലെന്നും നേരിട്ട് പരിശോധിച്ചപ്പോള്‍ മുറികള്‍ കാലിയായിരുന്നുവെന്നുമാണ് അവകാശവാദം

Fact-check: 

പ്രചാരണം വസ്തുതവിരുദ്ധമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളിലേത് ഇന്ത്യന്‍ റെയില്‍വേയുടെ വിശ്രമമുറികളുടെ ദൃശ്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന പോസ്റ്റിന് മറുപടിയായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ എക്സ് അക്കൗണ്ടില്‍നിന്ന് നല്‍കിയ കുറിപ്പാണ് ആദ്യം പരിശോധിച്ചത്. പ്രചാരണം വ്യാജമാണെന്നും ഇത് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയല്ലെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലും ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പ് നല്‍കിയതായി കണ്ടെത്തി. പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് കീഴിലെ വിശ്രമമുറികളുടേതാണെന്നും കുറിപ്പില്‍ പറയുന്നു. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറികള്‍ നിലവില്‍ നവീകരണം നടക്കുകയാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റും ലഭിച്ചു. 

തുടര്‍ന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിലെ വിശ്രമമുറികളെക്കുറിച്ച് പരിശോധിച്ചു. ഇത് ദേശീയ നഗര ഉപജീവന പദ്ധതിയ്ക്ക് കുടുംബശ്രീ നടത്തുന്ന  വിശ്രമമുറിയാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച വീഡിയോ കുടുംബശ്രീയുടെ യൂട്യൂബ് പേജില്‍ പങ്കുവെച്ചതായി കാണാം. 

ആധികാരിക സ്ഥിരീകരണത്തിനായി റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് റെയില്‍വേയുമായി ബന്ധമില്ലെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in