ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മത-സാമുദായിക സ്പര്‍ധ പടര്‍ത്തുന്ന തരത്തില്‍ നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മറ്റേതെങ്കിലും സാഹചര്യങ്ങളിലെ ദൃശ്യങ്ങളും തെറ്റായ അടിക്കുറിപ്പോടെയുള്ള വീഡിയോകളുമെല്ലാം ഇത്തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു വീഡിയോയിലാണ് ഹിന്ദു കുടുംബത്തെ മുസ്ലിംകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചുവെന്ന അവകാശവാദം. ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്തതിന് പിന്നാലെ രക്ഷപ്പെടാനായി കുളത്തില്‍ ചാടിയ ഗൃഹനാഥനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആക്രമണത്തില്‍ മതപരമോ സാമുദായികമോ ആയ തലങ്ങളില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
വീഡിയോയുടെ പശ്ചാത്തലത്തില്‍ പ്രസക്തമായ കീവേഡുകള്‍ ബംഗ്ല ഭാഷയിലേക്ക് തര്‍ജമ ചെയ്തശേഷം നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
അഖൗര ഉപജില്ലയിലെ അവാമി ലീഗ് ജനറല്‍ സെക്രട്ടറിയും മേയറുമായ തക്സീല്‍ ഖലീഫ കാജല്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് രാജ്യം വിട്ടുവെന്നാണ് ബംഗ്ലാദേശ് മാധ്യമമായ ജമുന ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 ആഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞായിരുന്നു സംഭവമെന്നും വീട് ആക്രമിച്ചതിന് പിന്നാലെ അദ്ദേഹം കുളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ സംഭവത്തിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായി വീഡിയോ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ജമുന ടിവിയുടെ തന്നെ യൂട്യൂബ് ചാനലില്‍ ഇതേ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ വീഡിയോ സംഭവത്തിന്റെ മറ്റൊരു വശത്തുനിന്നുള്ള ദൃശ്യങ്ങളാണെന്ന് കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജമുന ടിവി കൂടാതെ മറ്റ് പല പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. ധാക്ക പോസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിലും ഇതേ കാര്യമാണ് നല്‍കിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം വ്യാപകമായതിന് പിന്നാലെയാണ് മേയര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും നേരത്തെ അദ്ദേഹത്തിന്റെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നുവെന്നും ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ഹിന്ദു കുടുംബത്തെ മുസ്ലിം ആള്‍ക്കൂട്ടം ആക്രമിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.