Fact Check: ബംഗ്ലാദേശില്‍ മുസ്ലിംകള്‍ അമ്പലം പൊളിക്കുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

ബംഗ്ലാദേശിലെ മുസ്ലിംകള്‍ കൂട്ടമായി ഒരു അമ്പലം ആക്രമിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ബംഗ്ലാദേശില്‍ മുസ്ലിംകള്‍ അമ്പലം പൊളിക്കുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം
Published on
2 min read

ഒരുകൂട്ടം മുസ്ലിം യുവാക്കള്‍ ബംഗ്ലാദേശില്‍ അമ്പലം ആക്രമിച്ച് തകര്‍ക്കുന്ന ദൃശ്യമെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേരളത്തിലടക്കം  രാജ്യത്ത് ജോലി ചെയ്യുന്ന പല ബംഗ്ലാദേശികളുടെയും യഥാര്‍ത്ഥ ലക്ഷ്യം ഹൈന്ദവ ആരാധനാലയങ്ങള്‍ തകര്‍ക്കലാണെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ മുസ്ലിം വേഷധാരികളായി ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരു കെട്ടിടം പൊളിക്കുന്ന ദൃശ്യങ്ങളും കാണാം.  

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അമ്പലം പൊളിക്കുന്നതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ പ്രസ്തുത വീഡിയോയുടെ ദൈര്‍ഘ്യമേറിയ ഒരു പതിപ്പ് മെട്രോ ടിവി എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. 

2024 ഓഗസ്റ്റ് 29ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ബംഗ്ല ഭാഷയില്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തി. ഇതോടെ പ്രചരിക്കുന്ന വീഡിയോ സിറാജ്ഗഞ്ചിലെ കാസിപൂരിലുള്ള അലി പഗ്ലയുടെ ആരാധനാലയം തകർക്കപ്പെടുന്നതിന്റെയാണെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് ബംഗ്ല ഭാഷയിലുള്ള ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നിരവധി ബംഗ്ലാദേശി വാര്‍ത്താ മാധ്യമങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. വിവിധ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയനുസരിച്ച് കാസിപൂരിനടുത്ത് അലി പഗ്‍ലയുടെ ആരാധനാലയം തകരക്കുന്ന മറ്റൊരു വിഭാഗം മുസ്ലിംകളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 2024 ഓഗസ്റ്റ് 29 നായിരുന്നു സംഭവം. 

മറ്റുചില പ്രാദേശിക മാധ്യമങ്ങളും പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായ പശ്ചാത്തലത്തില്‍ ഇതേ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി

തുടര്‍ന്ന് മറ്റുചില ബംഗ്ല ഓണ്‍ലൈന്‍ ചാനലുകളലും ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ഇതിലൊരു റിപ്പോര്‍ട്ട് ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തി. 

ഷാല്‍ഗ്രാമിലെ ജെയിം പള്ളിയിലെ ഇമാമിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിശ്വാസികള്‍ മന്‍സൂം നഗറിലെ അലി പഗ്‍ലയുടെ സ്മാരകം തകര്‍ത്തതായാണ് വാര്‍ത്ത.അതിക്രമത്തിന് നേതൃത്വം നല്‍കിയ ഇമാമിനെ പിന്നീട് പള്ളിയില്‍നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഇതോടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന കെട്ടിടം അമ്പലമല്ലെന്നും അലി പഗ്‍ലയെന്ന മതനേതാവിന്റെ സ്മാരകമാണെന്നും സ്ഥിരീകരിക്കാനായി. ഇതിനെ സാധൂകരിക്കുന്ന മറ്റുചില ദൃശ്യങ്ങളും ലഭിച്ചു.

ഹോളി സുരേശ്വര്‍ ദര്‍ബാര്‍ ശരീഫ് എന്ന യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന ദൈര്‍ഘ്യമേറിയ വീഡിയോയില്‍ മുസ്ലിം ശവകുടീരം മുസ്ലിം വേഷധാരികള്‍ തന്നെ  തകര്‍ക്കുന്നതും കാണാം. ഇരുവിഭാഗങ്ങളും തമ്മിലെ തര്‍ക്കമാണ് അതിക്രമങ്ങളിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അമ്പലം പൊളിക്കുന്നതിന്റേതല്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in