വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ പലതും മറ്റ് പല സാഹചര്യങ്ങളിലേതാണെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെറ്റായ അവകാശവാദത്തോടെ നിരവധി പഴയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് പ്രിയങ്ക ഗാന്ധി കറുത്ത വസ്ത്രമണിഞ്ഞ് ധ്യാനം ചെയ്യുന്ന ദൃശ്യങ്ങളെന്നോണം പ്രചരിക്കുന്നത്. “ആരാത്? വയനാട്ടിൽ എത്തിയ ദേശാടന പക്ഷിയോ?” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ വയനാട്ടില്‍നിന്നുള്ളതെന്ന തരത്തിലാണ് പരിഹാസരൂപേണ ഒരു പശ്ചാത്തല ഗാനം ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയ്ക്ക് വയനാടുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം ചിത്രത്തിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ ഈ വീഡിയോ 2021 മുതല്‍ നിലവിലുണ്ടെനന്ന് വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകള്‍ ലഭിച്ചു. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ എക്സ് ഹാന്‍ഡിലില്‍നിന്ന് 2021 ഫെബ്രുവരി 10ന് പങ്കുവെച്ച ഇതേ ദൃശ്യങ്ങള്‍ ലഭിച്ചു.
പ്രിയങ്കാഗാന്ധി ശക്തിപീഠ് ശകുംഭരി ദേവി ക്ഷേത്രത്തില്‍ ധ്യാനം ചെയ്യുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലാണ് ഈ ക്ഷേത്രമെന്ന് കണ്ടെത്തി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിച്ചു. വണ്‍ഇന്ത്യ യൂട്യൂബ് ചാനലില്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പങ്കുവെച്ചതായി കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലും കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫെയ്സ്ബുക്ക് പേജില്‍ ഇതേ വിവരങ്ങള്‍ സഹിതം ഈ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2021 ഫെബ്രുവരി 10ന് തന്നെയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നിരവധി റിപ്പോര്‍ട്ടുകളും ലഭിച്ചു. ആജ്തക് നല്‍കിയ വാര്‍ത്തയനുസരിച്ച് കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രിയങ്കഗാന്ധി സഹാരന്‍പൂരിലെത്തിയത്. ഈ സമയത്താണ് അവര്‍ ശകുംഭരി ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. കര്‍ഷകനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു കിസാന്‍ മഹാപഞ്ചായത്ത്.
ഇതോടെ നിലവിലെ വയനാട് തിരഞ്ഞെടുപ്പുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.