
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ സമയത്ത് സമാന്തരമായി പാക്കിസ്ഥാനില്‍ സ്ഥിതി സങ്കീര്‍ണമാക്കിയത് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ആക്രമണങ്ങളായിരുന്നു. പാക്കിസ്ഥാനില്‍ വിവിധയിടങ്ങളില്‍ സൈനികകേന്ദ്രങ്ങള്‍ക്കെതിരെയും സൈനികര്‍ക്കെതിരെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായി സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയിലെ പ്രതിഷേധം സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെട്ട് നടത്തിയതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വീഡിയോ ഒരു വ്യക്തിഗത യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2025 ഏപ്രില്‍ 30നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
യൂട്യൂബ് വീഡിയോയില്‍ നല്‍കിയിരിക്കുന്ന വിവരണത്തില്‍ ദൃശ്യങ്ങള്‍ 2025 ഫെബ്രുവരിയിലേതാണെന്നും സിന്ധുനദിയിലെ കനാല്‍ നിര്‍മാണത്തിനെതിരെ JSQM പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റേതാണെന്ന സൂചന ലഭിച്ചു.
ഈ സൂചകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. Dawn News 2025 ഫെബ്രുവരി 23ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്നതിന് സമാനമായ വീഡിയോദൃശ്യവും ഉള്‍പ്പെടുത്തിയതായി കാണാം.
സിന്ധിലെ രാഷ്ട്രീയ പാര്‍ട്ടി കനാല്‍ നിര്‍മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കറാച്ചി പൊലീസുമായി ഏറ്റുമുട്ടുന്നു എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് സഹകരണ കൃഷിയും സിന്ധു നദിയിലെ ആറ് കനാലുകളുടെ നിര്‍മാണവുമുള്‍പ്പെടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് JQSM പാര്‍ട്ടി നടത്തിയ പ്രതിഷേധമാണിതെന്നാണ്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാക് മാധ്യമമായ ദി ന്യൂസും ഇതേ വാര്‍ത്ത ഫെബ്രുവരി 24 ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. കനാല്‍ പദ്ധതിയ്ക്കെതിരെ നടത്തിയ പ്രതിഷേധമാണെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. മറിച്ച് സിന്ധ് പ്രവിശ്യയുടെ വിമോചവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും ഈ റിപ്പോര്‍ട്ടിലും കണ്ടെത്താനായില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി വീണ്ടും ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ദി റൈസ് ന്യൂസ് ഇതേദിവസം പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും പ്രതിഷേധത്തിനാധാരം കനാല്‍ നിര്‍മാണം ആണെന്ന് വ്യക്തമാക്കുന്നു.
ഇതോടെ വീഡിയോയ്ക്ക് സിന്ധ് വിമോചനവുമായി ബന്ധമില്ലെന്നും കനാല്‍ നിര്‍മാണത്തിനെതിരെ നടന്ന പ്രതിഷേധറാലിയുടെ ദൃശ്യങ്ങളാണിതെന്നും വ്യക്തമായി. അതേസമയം JSQM പാര്‍ട്ടി നേരത്തെ സിന്ധ് പ്രവിശ്യയുടെ സ്വതന്ത്രപദവി ആവശ്യമുയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ലഭ്യമായ വിവരങ്ങളില്‍നിന്ന് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്ക്ക് പിന്നാലെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ വിമോചനമാവശ്യപ്പെടുത്ത് നടത്തിയ പ്രതിഷേധസമരത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ചു.