
സര്‍ക്കാര്‍ സ്കൂളില്‍ മതപഠനം നടത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇസ്‍ലാമിക വേഷമണിയിച്ച് ചെറിയ കുട്ടികളെ പൊതുവിദ്യാലയത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ പരിശീലിപ്പിക്കുന്നുവെന്ന തരത്തിലാണ് പ്രചാരണം. വര്‍ഗീയ വിവരണത്തോടെ പങ്കുവെയ്ക്കുന്ന വീഡിയോയില്‍ ഒരു സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ കഅബയുടെ മാതൃകയ്ക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന കുട്ടികളെ കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു സ്വകാര്യ സ്കൂളില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പരിപാടികളുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു മാതൃക നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ കുട്ടികള്‍ പ്രദക്ഷിണം ചെയ്യുന്നതിന് പിന്നിലായി എബിഎസ് ഗ്ലോബല്‍ സ്കൂള്‍ എന്ന ബാനര്‍ ശ്രദ്ധയില്‍പെട്ടു. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത സ്കൂളിന്റെ വെബ്സൈറ്റ് കണ്ടെത്തി. കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ ഈ സ്കൂള്‍ സര്‍ക്കാര്‍ സ്കൂളല്ലെന്നും സ്വകാര്യ സ്ഥാപനമാണെന്നും വെബ്സൈറ്റ് പരിശോധിച്ചതോടെ വ്യക്തമായി.
വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോ കണ്ടെത്തി. ബലിപെരുന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ദൃശ്യങ്ങള്‍ കാണാം. അമുസ്‌ലിം ജീവനക്കാരടക്കം പരിപാടിയുടെ ഭാഗമായി സംസാരിക്കുന്നും ദൃശ്യങ്ങളിലുണ്ട്
ഇതോടെ ബലിപെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെ ദൃശ്യങ്ങളാണിതെന്ന സൂചന ലഭിച്ചു. ഇന്‍സ്റ്റ്ഗ്രാം പേജ് പരിശോധിച്ചതോടെ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമാനമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോകളും ലഭിച്ചു.
ഇതോടെ പഠനത്തിന്റെ ഭാഗമായി ഹജ്ജ് കര്‍മം പരിശീലിപ്പിച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. ഓഫീസ് നല്‍കിയ പ്രതികരണം:
“മുസ്‍ലിം മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമാണിത്. മതപഠനമടക്കം സംയോജിപ്പിച്ചാണ് ഇവിടെ ക്ലാസ്സുകള്‍ നല്‍കുന്നത്. ജീവനക്കാരില്‍ എല്ലാവിഭാഗം ആളുകളുമുണ്ട്. ബലിപെരുന്നാള്‍ ദിനത്തില്‍ അതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടികളിലെ ചെറിയൊരു ഭാഗം മാത്രമാണിത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മതപഠനവുമായി ബന്ധപ്പെട്ട ഭാഗത്ത് ഹജ്ജിനെക്കുറിച്ച് പഠിക്കാനുമുണ്ട്. അതുകൊണ്ട് അത്തരമൊരു പ്രവര്‍ത്തനം നടത്തിയെന്നുമാത്രം. മറ്റ് വിശേഷ ദിവസങ്ങളിലും ദിനാചരണങ്ങളിലുമെല്ലാം കുട്ടികളെ പങ്കെടുപ്പിച്ച് സമാന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. വര്‍ഗീയലക്ഷ്യങ്ങളോടെ വീഡിയോയിലെ ചില ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് തെറ്റായ ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രചാരണമാണിത്.”
ഇതോടെ സര്‍ക്കാര്‍ സ്കൂളില്‍ മതപഠനമെന്ന തരത്തില്‍ നടക്കുന്ന.പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.