ബുര്‍ജ് ഖലീഫയിലെ ശ്രീരാമചിത്രം വ്യാജമല്ലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമോ?

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമന്റെ ചിത്രം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വസ്തുതാ പരിശോധനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രങ്ങള്‍ വ്യാജമല്ലെന്ന അവകാശവാദത്തോടെ ‌ വീഡിയോ പ്രചരിക്കുന്നത്.
ബുര്‍ജ് ഖലീഫയിലെ ശ്രീരാമചിത്രം വ്യാജമല്ലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമോ?

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങള്‍ വ്യാജമല്ലെന്ന വാദവുമായി പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിത്രങ്ങള്‍ വ്യാജമെന്ന് പറഞ്ഞവര്‍ക്കുമുന്നില്‍ തെളിവായി വീഡിയോ സമര്‍പ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ്  വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

ബുര്‍ജ് ഖലീഫയില്‍ ശ്രീരാമചിത്രം പ്രദര്‍ശിപ്പിച്ചുവെന്ന അവകാശവാദത്തോടെ ഏതാനും ചിത്രങ്ങള്‍ നേരത്തെ മലയാളത്തിലടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഇതില്‍ സൗത്ത് ചെക്ക് കഴിഞ്ഞ ദിവസം വസ്തുതപരിശോധന നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അവ വ്യാജമല്ലെന്ന അവകാശവാദത്തോടെ വീഡിയോയുമായി ചില കേന്ദ്രങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രഥമദൃഷ്ട്യാ ചില അസ്വാഭാവികതകള്‍ കണ്ടെത്താനായി. 

ബുര്‍ജ് ഖലീഫയുടെ ദൃശ്യവും അതിനകത്തെന്ന രീതിയില്‍ കാണിക്കുന്ന ശ്രീരാമന്റെ ചലിക്കുന്ന ചിത്രവും ഒരേ ആംഗിളില്‍ അല്ലെന്ന് കാണാം. ചിത്രത്തില്‍ മഞ്ഞ നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന കോണിലാണ് ബുര്‍ജ് ഖലീഫ കാണാനാവുന്നത്. അതേസമയം ശ്രീരാമന്റെ ചിത്രം പച്ച നിറത്തില്‍ അടയാളപ്പെടുത്തിയ രീതിയില്‍ ചരിവില്ലാതെയാണ് ചലിക്കുന്നത്. ഇത് ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന നല്‍കി. 

എന്നാല്‍ ബുര്‍ജ് ഖലീഫയിലെ സ്ക്രീന്‍ ആനിമേഷനോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് ശ്രീരാമചിത്രം പ്രത്യക്ഷപ്പെടുന്നതും ചലിക്കുന്നതും. സാധാരണ വീഡിയോ എഡിറ്റിങ് അപ്ലിക്കേഷനുകളില്‍ ഇത് നിര്‍മിക്കുക അത്ര എളുപ്പമല്ലെങ്കിലും നേരത്തെ തയ്യാറാക്കിയ ടെംപ്ലേറ്റുകള്‍ ലഭ്യമാണെങ്കില്‍ ചിത്രം മാത്രം നല്‍കി എളുപ്പത്തില്‍ നിര്‍മിക്കാം. ഈ സാധ്യത പരിശോധിക്കുന്നതിനായി ഇതേ ഫ്രെയിമില്‍ മറ്റ് ചിത്രങ്ങളുപയോഗിച്ച് നിര്‍മിച്ച വീഡിയോകള്‍ ഉണ്ടോയെന്ന് പരിശോധിച്ചു. റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ലഭ്യമായി. 

ഇതില്‍ കൂടുതലും ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ പങ്കുവെച്ച റീലുകളാണ്. സ്വന്തം ചിത്രമോ സെലബ്രിറ്റികളുടെ ചിത്രങ്ങളോ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഇവയില്‍ മിക്കതും. ‌

ഇന്‍സ്റ്റഗ്രാമിന് പുറമെ ട്വിറ്ററിലും ഇതേ ദൃശ്യങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തു പങ്കുവെച്ച വീഡിയോകള്‍ കണ്ടെത്താനായി. 

ഇതോടെ പൊതുവായ സംവിധാനമുപയോഗിച്ച് നിര്‍മിച്ചവയാണ് ഇവയെല്ലാമെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതിന്റെ ഉറവിടം അഥവാ തയ്യാറാക്കാനുപയോഗിച്ച സംവിധാനം കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. 

കൂടുതല്‍ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ നിരവധി ടിക്ടോക് വീഡിയോകള്‍ ലഭിച്ചു. ഇതില്‍ പലതിനുമൊപ്പം  #Capcut, #CapcutTemplate തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചതായി ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ Capcut എന്ന വീഡിയോ എഡിറ്റിങ് അപ്ലിക്കേഷനില്‍ ഇത്തരം ടെംപ്ലേറ്റുകള്‍ ലഭ്യമാണെന്ന് കണ്ടെത്തി. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള Capcut അപ്ലിക്കേഷനുവേണ്ടിയുള്ള ഈ ടെംപ്ലേറ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

ഫോണില്‍ Capcut അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം നേരിട്ടും ഈ ടെംപ്ലേറ്റ് ഉപയോഗിക്കാം. ഇന്ത്യയില്‍ ഈ അപ്ലിക്കേഷന്‍ നിലവില്‍ ലഭ്യമല്ലാത്തതിനാല്‍ വിദേശത്തെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രവും വാക്യവും നല്‍കിയാല്‍ അതുപയോഗിച്ച് ബുര്‍ജ് ഖലീഫയില്‍ അവ പ്രത്യക്ഷപ്പെടുന്ന തരത്തില്‍ പശ്ചാത്തലസംഗീതം ഉള്‍പ്പെടെ ചേര്‍ത്ത് വീഡിയോ തയ്യാറാക്കാനാവും. ആപ്ലിക്കേഷന്‍ തുറക്കുന്നതുമുതല്‍  വീഡിയോ നിര്‍മിക്കുന്നതുവരെയുള്ള സ്ക്രീന്‍ഷോട്ടുകള്‍ താഴെ:

ഇതോടെ നേരത്തെ പ്രചരിപ്പിച്ച ബുര്‍ജ് ഖലീഫയിലെ ശ്രീരാമന്റെ ചിത്രങ്ങള്‍ വ്യാജമല്ലെന്ന വാദത്തോടെ പങ്കുവെച്ച വീഡിയോയും വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in