ഇന്ത്യയില്‍ ടോള്‍ നല്‍കാന്‍ മുസ്ലിംകള്‍ തയ്യാറാവുന്നില്ലെന്ന ധ്വനിയോടെ ഇത്തരത്തില്‍ ഒരു ടോള്‍ബൂത്ത് അതിക്രമിച്ച് കടന്നുപോകുന്ന ഒരുകൂട്ടം മുസ്ലിം യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലോറിയിലെത്തിയ യുവാക്കള്‍ ടോള്‍ബൂത്ത് ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് ടോള്‍ഗേറ്റ് തുറന്നുമാറ്റി വാഹനവുമായി മുന്നോട്ടുപോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിന് മുന്‍പ് തൊപ്പി ധരിച്ച ഒരാള്‍ ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവം ഇന്ത്യയിലേതല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ചിത്രം ഉള്‍പ്പെട്ടതായി കണ്ടെത്തി. ബാംഗ്ല ഭാഷയില്‍ പ്രസിദ്ധീകരിച്ച ഈ മാധ്യമറിപ്പോര്‍ട്ടുകള്‍ സംഭവം ബംഗ്ലാദേശിലേതാണെന്ന സൂചന നല്‍കി.
റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിലെ Kuril Toll Plaza എന്ന വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ച് നടത്തിയ വിശദമായ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ധാക്ക എലിവേറ്റഡ് എക്സ്പ്രസ് വേയിലെ ടോള്‍ പ്ലാസയിലെത്തിയ യാത്രക്കാരുമായെത്തിയ ലോറി കടത്തിവിടാന്‍ ടോള്‍ബൂത്തിലെ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായതെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ധാക്ക ട്രിബ്യൂണ്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. എലിവേറ്റഡ് ഹൈവേയില്‍ ഇത്തരം വാഹനങ്ങള്‍ അനുവദിക്കാറില്ലെന്നും ഇക്കാര്യം അറിയിച്ചിട്ടും അത് അംഗീകരിക്കാതെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ടോള്‍ബൂത്ത് അധികൃതരെ ഉദ്ധരിച്ച് ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമുന ടിവി എന്ന ബംഗ്ലാദേശി ചാനലിന്റെ യൂട്യൂബ് പേജിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.