കമ്മ്യൂണിസ്റ്റ് മന്ത്രിയ്ക്ക് നേരെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രതിഷേധമെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രിയ്ക്കുനേരെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ ഒരു വേദിയില്‍വെച്ച് പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ആളുകളും വെറുത്തുപോയെന്നും പൊതു ഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയെന്നുമാണ് പ്രചാരണം. വേദിയില്‍ ഒരു സമ്മാനദാന ചടങ്ങിനിടെ ചില ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സമ്മാനങ്ങള്‍ വേദിയില്‍വെച്ചുതന്നെ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണവുമായി ബന്ധപ്പെടുത്തി ഈയിടെയുണ്ടായ സംഭവമെന്ന നിലയിലാണ് നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുന്നത്. ദൃശ്യങ്ങളുടെ പശ്ചാത്തലം പോസ്റ്റുകളില്‍ അവ്യക്തമായതിനാല്‍ കമന്റുകളില്‍ നിരവധിപേര്‍ ഇതിന്റെ വിശദാംശങ്ങള്‍ തിരക്കുന്നതായും കാണാനായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ചലചിത്രത്തിലെ രംഗത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം റീല്‍ രൂപത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത വീഡിയോ 2024 ഫെബ്രുവരി 1 ന് Demolisher എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി.
പശ്ചാത്തലമോ മറ്റ് വിവരങ്ങളോ നല്‍കാതെ പങ്കുവെച്ച വീഡിയോയില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായം തേടുകയാണ് ചെയ്യുന്നത്. ഹാസ്യരൂപേണ തയ്യാറാക്കിയതാണെന്നും വിവരണത്തോടൊപ്പം വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് ഈ വീഡിയോയുടെ പശ്ചാത്തലം പരിശോധിച്ചു. പുറകിലെ LED വാളിലെ സൂചന ഉപയോഗിച്ച് വര്‍ണപ്പകിട്ട് എന്ന തലക്കെട്ടില്‍ സാമൂഹ്യനീതി വകുപ്പ് നടത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് ആണെന്ന് വ്യക്തമായി. വിശദമായ അന്വേഷണത്തില്‍ ഇത് 2022-ലെ പരിപാടിയാണെന്നും 2022 ഒക്ടോബര്‍ 15, 16 തിയതികളില്‍ തിരുവനന്തപുരത്താണ് നടന്നതെന്നും കണ്ടെത്തി. സാമൂഹ്യനീതി വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജില്‍ 2022 ഒക്ടോബര്‍ 22ന് പങ്കുവെച്ച വീഡിയോയിലെയും പ്രചരിക്കുന്ന വീഡിയോയിലെയും ദൃശ്യപശ്ചാത്തലം ഒന്നാണെന്ന് കാണാം.
തുടര്‍ന്ന് 2022ലെ വര്‍ണപ്പകിട്ട് പരിപാടിയുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പ്രതിഷേധത്തെക്കുറിച്ച് അന്വേഷിച്ചു. ഇതിനായി ആദ്യം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:
“ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം എന്ന രീതിയിലാണ് സാമൂഹ്യനീതിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2019 മുതല്‍ സംസ്ഥാനതലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുന്നത്. 2022 ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയുടെ സമാപന ചടങ്ങിലുണ്ടായ പ്രതിഷേധം മത്സരത്തിനിടയിലെ ചില അസ്വാരസ്യങ്ങള്‍ മൂലമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പൊതുവെ പെട്ടെന്ന് എവിടെവെച്ചും പ്രതികരിക്കുന്നവരാണ്. മത്സരത്തിന്റെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട് തലേദിവസം മുതല്‍ പരാതി ഉയര്‍ന്നിരുന്നു. സ്വാഭാവികമായും മത്സരഫലങ്ങള്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ അതിന്റെ തുടര്‍ച്ചയെന്ന രീതിയില്‍ അവര്‍ക്കിടയിലെ വ്യത്യസ്ത സംഘങ്ങള്‍ തമ്മിലെ പ്രശ്നങ്ങളാണ് ആ പ്രതിഷേധത്തിലേക്ക് നയിച്ചത്. അത് മന്ത്രിയ്ക്കെതിരെയോ വകുപ്പിനെതിരെയോ സര്‍ക്കാറിനെതിരെയോ നടത്തിയ പ്രതിഷേധമല്ല, മറിച്ച് പ്രസ്തുത മത്സരത്തിന്റെ വിധിനിര്‍ണയവുമായി മാത്രം ബന്ധപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത വര്‍ഷം പരിപാടി മത്സരമല്ലാതെ പ്രദര്‍ശനമായി നടത്താന്‍ തീരുമാനിച്ചത്. 2023-ലെ കലോത്സവം അത്തരത്തില്‍ വിജയകരമായി നടത്തുകയും ചെയ്തു. ”
തുടര്‍ന്ന് അന്നത്തെ മത്സരവേദിയിലുണ്ടായിരുന്ന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സെക്ഷ്വൽ മൈനോരിറ്റി ഫോറം കേരളയുടെ സംസ്ഥാന സെക്രട്ടറിയുമായ ശീതള്‍ ശ്യാമിനെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:
“2022 -ലെ പ്രതിഷേധം മത്സരത്തിന്റെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ടതായിരുന്നു. ആദ്യദിനം തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. രണ്ടാംദിനം ഫലപ്രഖ്യാപനത്തോടെ ഇത് കൂടുതല്‍ സങ്കീര്‍ണമായി. വിധിനിര്‍ണയത്തിനെത്തിയവര്‍ യോഗ്യരല്ലെന്നായിരുന്നു പ്രധാന പ്രശ്നമായി ഉന്നയിച്ചിരുന്നത്. വിധിനിര്‍ണയത്തിലെ അപാകതകളും ചിലര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പ്രതിഷേധം വേദിയില്‍ സമ്മാനദാനത്തിനിടെ രേഖപ്പെടുത്തിയതില്‍ ഞാനടക്കം പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഞാനത് വേദിയില്‍ പറയുകയും ചെയ്തിരുന്നു. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും പ്രതിഷേധിച്ചിരുന്നില്ല. ചിലവിഭാഗം മാത്രമായിരുന്നു പ്രതിഷേധത്തിന് പിന്നില്‍. ഇവര്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരിക്കാം. എന്തായാലും അവിടെ നടന്ന പ്രതിഷേധം അവിടെ നടന്ന മത്സരവിധിനിര്‍ണയവുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു.”
തുടര്‍ന്ന് ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ആദ്യദിനമായ 2022 ഒക്ടോബര്‍ 16 ന് രാത്രി നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണ്‍ യൂട്യൂബ് ചാനലില്‍ കണ്ടെത്തി. വിധികര്‍ത്താക്കള്‍ക്കെതിരാണ് പ്രതിഷേധമെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സന്ദേശങ്ങളില്‍ അവകാശപ്പെടുന്നതുപോലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടത്തിയ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഷേധമല്ലെന്നും ദൃശ്യങ്ങള്‍ക്ക് ഒരുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും വ്യക്തമായി.
തുടര്‍ന്ന് 2023-ലെ വര്‍ണപ്പകിട്ട് പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. നേരത്തെ മന്ത്രിയുടെ ഓഫീസില്‍നിന്ന് സൂചിപ്പിച്ചതുപോലെ മത്സരമില്ലാതെ പ്രദര്‍ശനമായാണ് ഇത്തവണ പരിപാടി നടത്തിയത്. 2024 ഫെബ്രുവരി 17,18, 19 ദിവസങ്ങളിലായി തൃശൂരില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍നിന്നായി 183 പേര്‍ പങ്കെടുത്തുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയത് സംബന്ധിച്ച് പോസ്റ്റുകള്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെയും മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെയും ഫെയ്സ്ബുക്ക് പേജുകളിലും നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിന് നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്നും സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമായി.