വേനല്‍ക്കാലമായതോടെ ദാഹമകറ്റാന്‍ വഴികള്‍ തേടുകയാണ് നാം. കുടിവെള്ളം പരമാവധി കയ്യില്‍ കരുതിയാലും തികയാത്ത അവസ്ഥയാണ് പുറത്തിറങ്ങിയാല്‍. വഴിയോരങ്ങളില്‍ സംഭാരവും കരിമ്പിന്‍ ജ്യൂസുമടക്കം ശീതളപാനീയങ്ങളുടെ വില്‍പനയും തകൃതി. ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് കുറഞ്ഞ വിലയില്‍തന്നെ ലഭ്യമായിത്തുടങ്ങിയതോടെ തണ്ണിമത്തനും ആവശ്യക്കാരേറെയാണ്.
എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിറിഞ്ചുപയോഗിച്ച് തണ്ണിമത്തനില്‍ നിറം കുത്തിവെയ്ക്കുന്ന ദൃശ്യങ്ങള്‍ നിരവധി പേരാണ് ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവെയ്ക്കുന്നത്.
തണ്ണിമത്തനില്‍ വ്യാപകമായി മായം കലര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങള്‍ നേരത്തെയും വന്നിട്ടുണ്ടെങ്കിലുംം ഇത്തരം കേസുകള്‍ ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണ്ടില്ല. കൂടാതെ, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ അസ്വാഭാവികതയും പശ്ചാത്തലവുമെല്ലാം വീഡിയോ വ്യാജമാകാമെന്നതിന്റെ സൂചനകള്‍ നല്‍കി.
തുടര്‍ന്ന് വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍ കണ്ടെത്തി. ദൈര്‍ഘ്യമേറിയ ഈ പതിപ്പിന്റെ 28-ാം സെക്കന്റില്‍ ഒരു Disclaimer എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ പൂര്‍ണമായും സാങ്കല്‍പികമാണെന്നും ബോധവല്‍ക്കരണമെന്ന ഉദ്ദേശത്തോടെ എഴുതിത്തയ്യാറാക്കിയ സംഭാഷണങ്ങളാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.
The Social Junction എന്ന ഈ യൂട്യൂബ് ചാനലിന്റെ ഉള്ളടക്കം പരിശോധിച്ചതോടെ ഇത്തരം നിരവധി വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇവയെല്ലാം എഴുതിത്തയ്യാറാക്കിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരിച്ചവയാണെന്നും കാണാം.
തണ്ണിമത്തനിലെ മായവുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും ഇക്കൂട്ടത്തില്‍ കണ്ടെത്താനായി. ഇതിലും അഭിനയിച്ചിരിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിലെ അതേ വ്യക്തിയാണ്. ദൃശ്യങ്ങള്‍ സാങ്കല്‍പികമാണെന്ന മുന്നറിയിപ്പ് ഈ വീഡിയോയിലും കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ യഥാര്‍ത്ഥമല്ലെന്നും വ്യക്തമായി.
അതേസമയം തണ്ണിമത്തന്‍ ഉള്‍പ്പെടെ പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം വിവിധ തരത്തില്‍ മായം ചേര്‍ക്കപ്പെടുന്നുണ്ടെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സിറിഞ്ച് ഉപയോഗിച്ച് നിറം കുത്തിവെയ്ക്കുന്നത് പൊതുവെ അപ്രായോഗികമാണ്. മാത്രവുമല്ല, ഇത് തണ്ണിമത്തനകത്ത് പൂര്‍ണമായും തുല്യ അളവില്‍ വ്യാപിക്കാന്‍ സാധ്യത കുറവാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.നേരത്തെയും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ വ്യാപകമായ ഘട്ടത്തില്‍ അറ്റ്ലാന്‍റിക് സാങ്കേതിക സര്‍വകലാശാലയിലെ ഹെല്‍ത്ത് - ബയോമെഡിക്കല്‍ ഗവേഷണവിഭാഗം ഡയറക്ടറായ ഡോ. സുരേഷ് സി പിള്ള ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാറിന് കീഴിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള വഴികള്‍ വിശദീകരിച്ച് നിരവധി വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തണ്ണിമത്തനിലെ കൃത്രിമ നിറം തിരിച്ചറിയാനുള്ള വഴികള്‍ ഉള്‍പ്പെടുത്തിയ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.
കൂടാതെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനവും ലഭ്യമായി.
നേരത്തെ അയല്‍സംസ്ഥാനങ്ങളില്‍നിന്നായിരുന്നു തണ്ണിമത്തന്‍ വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ഇന്ന് കേരളത്തില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍തണ്ണിമത്തന്‍ കൃഷിയുണ്ട്. പൂര്‍ണമായും ജൈവികമായി തണ്ണിമത്തന്‍ കൃഷിചെയ്യുകയും മികച്ച വിളവ് നേടുകയും ചെയ്ത കര്‍ഷകരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ വീഡിയോയിലെ പ്രചാരണങ്ങളെപ്പേടിച്ച് തണ്ണിമത്തന്‍ ഉപേക്ഷിക്കേണ്ടതില്ലെന്നും മായം കലര്‍ന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാന്‍ വഴികളുണ്ടെന്നും വ്യക്തമായി.