
ഉത്തര്‍പ്രദേശില്‍ തകര്‍ന്നുകിടക്കുന്ന പാലത്തിലൂടെ സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തകര്‍ന്ന പാലത്തിന്റ രണ്ടാമത്തെ ഭാഗം ബന്ധിപ്പിക്കാനായി ഒരു ഏണിവഴി കുട്ടികള്‍ കയറുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. യൂണിഫോം ധരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ദൃശ്യങ്ങളില്‍. ഇത് ഉത്തര്‍പ്രദേശില്‍നിന്നുള്ള വീഡിയോയാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയില്‍ ബിസിനസ് ടുഡേ എന്ന ചാനലിന്റെ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത ചാനലിന്റെ യൂട്യൂബ് പേജില്‍ ഈ വീഡിയോ 2025 ജൂലൈ 10ന് പങ്കുവെച്ചതായി കണ്ടെത്തി.
ജാര്‍ഖണ്ഡിലെ കുട്ടികളുടെ ദുരവസ്ഥയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജാർഖണ്ഡിലെ ഖുന്തിയിൽ തകർന്ന പാലത്തിലൂടെ മുളയുടെ പടികൾ കയറി സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ വീഡിയോ എന്നാണ് വിവരണത്തില്‍ നല്‍കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ജാര്‍ഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്നാണ് പ്രസ്തുത പാലം തകര്‍ന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ജൂലൈ 5 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രീപ്രസ് ജേണല്‍ എന്ന വെബ്സൈറ്റില്‍ ജൂലൈ 10ന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലും ഇതേ ദൃശ്യങ്ങള്‍ കാണാം.
ഇതോടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭവമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ ജാര്‍ഖണ്ഡില്‍നിന്നുള്ളതാണെന്നും വ്യക്തമായി. ജാര്‍ഖണ്ഡ് ഭരിക്കുന്നത് ബിജെപി അല്ലെന്നതിനാല്‍ പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.