Fact Check: റോഡിലെ വെള്ളക്കെട്ടില്‍ നൃത്തംചെയ്യുന്ന ഓട്ടോഡ്രൈവര്‍ - ദൃശ്യം കേരളത്തിലേതോ?

ന്യൂയോര്‍ക്ക് മോഡല്‍ വികസനമെന്ന പരിഹാസത്തോടെയാണ് കേരളത്തിലെ റോഡുകളെുടെ ശോചനീയാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Fact Check: റോഡിലെ വെള്ളക്കെട്ടില്‍ നൃത്തംചെയ്യുന്ന ഓട്ടോഡ്രൈവര്‍ - ദൃശ്യം കേരളത്തിലേതോ?
Published on
2 min read

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ നഗരങ്ങളിലടക്കം പലയിടത്തും റോഡുകളിലെ വെള്ളക്കെട്ട് പതിവുകാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ പരിഹസിച്ചുകൊണ്ട്, റോഡിലെ വെള്ളക്കെട്ടില്‍ നൃത്തംചെയ്യുന്ന ഒരു ഓട്ടോഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ന്യൂയോര്‍ക്ക് മോഡല്‍’ എന്ന പരിഹാസത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോ കേരളത്തില്‍നിന്നുള്ളതല്ലെന്നും സൗത്ത് ചെക്ക് വസ്തുത പരിശോധനയില്‍ വ്യക്തമായി. 

വീഡിയോ അവ്യക്തമായതിനാലും യഥാര്‍ത്ഥ ഓഡിയോയ്ക്ക് പകരം പാട്ട് ഉപയോഗിച്ചിരിക്കുന്നതിനാലും നേരിട്ട് സൂചനകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഏതാനും ഗുജറാത്തി മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തി. #Bharuch #Rain എന്നീ ഹാഷ്ടാഗുകളോടെ സന്ദേശ് എന്ന ഗുജറാത്തി മാധ്യമത്തിന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ 2022 ജൂലൈ 13 ന് ഈ വീഡിയോ പങ്കുവെച്ചതായി കാണാം. 

‘നടുറോഡില്‍ റിക്ഷ നിന്നുപോയപ്പോള്‍ വെള്ളക്കെട്ടില്‍ നൃത്തം ചെയ്യുന്നു’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നതെന്ന് പരിഭാഷയില്‍നിന്ന് മനസ്സിലായി. ഇതോടെ ഇത് ഗുജറാത്തില്‍ നടന്ന സംഭവമാകാമെന്ന സൂചനലഭിച്ചു. തുടര്‍ന്ന് ഗുജറാത്തി ഭാഷയില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ Divya Bhasker, Thrishul News തുടങ്ങിയ പ്രാദേശിക മാധ്യമങ്ങളിലെല്ലാം ഈ ദൃശ്യങ്ങള്‍ സഹിതം 2022 ജൂലൈയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 

തുടര്‍ന്ന് ഈ റിപ്പോര്‍ട്ടുകളുടെ പരിഭാഷയും മറ്റുചില ഇംഗ്ലീഷ് മാധ്യമറിപ്പോര്‍ട്ടുകളും പരിശോധിച്ചതോടെ ഗുജറാത്തിലെ ഭറൂചില്‍ നടന്ന സംഭവമാണിതെന്നും നരേഷ് സൊന്ദര്‍വ എന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് വീഡിയോയിലുള്ളതെന്നും വ്യക്തമായി.

അദ്ദേഹത്തിന്റെ പേരിലുള്ള യൂട്യൂബ് ചാനലില്‍  ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് പങ്കുവെച്ചതായി കണ്ടെത്തി.

ഇതോടെ പ്രചരിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും വീഡിയോ ഗുജറാത്തില്‍നിന്നുള്ളതാണെന്നും രണ്ടുവര്‍ഷത്തിലേറെ പഴയതാണെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in