

മിനി ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ആന റോഡില്‍ വീഴുന്നതിന്റെയും ഇതറിയാതെ ഡ്രൈവര്‍ വാഹനമോടിച്ച് പോകുന്നതിന്റെയും ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മിനി ലോറിയുടെ പിറകെ വന്ന കാറില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ. റോഡില്‍ വീഴുന്ന ആന എഴുന്നേറ്റ് തിരിഞ്ഞ് നില്‍ക്കുന്നത് ഇതില്‍ കാണാം.
പ്രചാരണം വ്യാജമാണെന്നും എഐ നിര്‍മിത വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടു. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് അവ്യക്തമാണ്. ഇതില്‍ നമ്പറുകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. കൂടാതെ പിന്നില്‍ പോകുന്ന കാറിന്റെ സ്പീഡോമീറ്ററില്‍ വേഗം 60 കിലോമീറ്ററാണെന്ന് കാണാം. ഈ സംഖ്യ വാഹനത്തിന്റെ സ്പീഡ് കുറയുമ്പോഴും മാറുന്നില്ല. മിനി ലോറിയില്‍നിന്ന് താഴെ വീഴുന്ന ആന രണ്ടാമത് എഴുന്നേല്‍ക്കുന്നതിലും ചില അസ്വാഭാവികതകള്‍ കാണാം. അത്രയും ഭാരമുള്ള ആന ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴുമ്പോഴും വാഹനം മറിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം വീഡിയോ യഥാര്‍ത്ഥമല്ലെന്ന സൂചന നല്‍കി.
തുടര്‍ന്ന് ഹൈവ് മോഡറേഷന്‍ എന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോയുടെ ആധികാരികത പരിശോധിച്ചു. വീഡിയോ 99 ശതമാനവും എഐ നിര്‍മിതമാകാമെന്ന ഫലമാണ് ലഭിച്ചത്. സോറ ഉള്‍പ്പെടെ എഐ വീഡിയോ നിര്‍മാണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്ന് ഈ ഫലം വ്യക്തമാക്കുന്നു.
തുടര്‍ന്ന് സൈറ്റ്-എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോമിലും വീഡിയോ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിലും സമാനമായ ഫലമാണ് ലഭിച്ചത്. എഐ ഉപയോഗിച്ച് വീഡിയോ നിര്‍മിക്കുന്ന സോറയാണ് ഇതിനായി ഉപയോഗിച്ചതെന്ന സൂചന ഈ ഫലത്തിലും കാണാം.
ഇതോടെ പ്രചാരണം വ്യാജമാണെന്നും എഐ നിര്‍മിത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി.