ഒഡീഷയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ വര്‍ഗീയ ആക്രമണമെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ ഒരുകൂട്ടം മുസ്ലിംകള്‍ ആക്രമിച്ചുവെന്നും ഇതിന് തിരിച്ചടിയെന്നോണം ‘ടെര്‍മിനേറ്റര്‍’ മാതൃകയില്‍ ആവരെ ആക്രമിക്കുന്ന ദൃശ്യങ്ങളെന്നും അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കൈയ്യില്‍ തീതുപ്പുന്ന ഒരു ഉപകരണവുമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ ആറുവര്‍ഷത്തോളം പഴയതാണെന്നും ദൃശ്യങ്ങളിലേത് ഹിന്ദു-മുസ്ലിം സംഘര്‍ഷമല്ലെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ എക്സ് ഉള്‍പ്പെടെ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചതായി കണ്ടെത്തി. പലരും ഇത് പഴയ ദൃശ്യങ്ങളാണെന്നും ഒഡീഷയില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നും വിവരങ്ങള്‍ പങ്കുവെച്ചതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോ 2018 നവംബര്‍ 10ന് ഒരു യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ ദൃശ്യങ്ങള്‍ പഴയതാണെന്ന് വ്യക്തമായി.
യൂട്യൂബില്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ടിലെ വിംസര്‍ ഹോസ്റ്റല്‍ എന്ന സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഒഡീഷയിലെ വീര്‍ സുരേന്ദ്രസായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ വിദ്യാര്‍ത്ഥികളുടെ ദീപാവലി ആഘോഷങ്ങള്‍ സമാനമായ രീതിയില്‍ ഈ വര്‍ഷവും നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിംസര്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഓണ്‍ലൈന്‍ ഗെയിമിന്റെ ശൈലിയില്‍ പ്രകടനം നടത്തുന്നത്. റോക്കറ്റ് പടക്കം എന്നറിയപ്പെടുന്ന പടക്കമാണ് കൈയ്യില്‍. അപകടകരമായ തരത്തിലാണ് ആഘോഷമെങ്കിലും ഇതില്‍ വര്‍ഗീയമായ തലങ്ങളുള്ളതായി റിപ്പോര്‍ട്ടുകളില്ല. എല്ലാ വര്‍ഷവും ഇത്തരം ആഘോഷങ്ങള്‍ നടക്കുന്നുവെന്ന സൂചനയാണ് ലഭിച്ചത്.
യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ കനക് ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ പേജില്‍ സമാന ദൃശ്യങ്ങളും കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ ദൃശ്യങ്ങള്‍ ഇതേ രീതിയില്‍ ഈ വര്‍ഷവും ദീപാവലി ആഘോഷിച്ചതിന്റെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷമോ തിരിച്ചടിയോ അല്ലെന്നും വിദ്യാര്‍ത്ഥികളുടെ അപകടകരമായ ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളാണെന്നും വ്യക്തമായി.