വൃത്തിഹീനമായ പരിസരത്തുവെച്ച് ചോക്ലേറ്റ് നിര്‍മിക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ത്യന്‍ ചോക്ലേറ്റിന്റെ നിര്‍മാണമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഒരു മിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണുപോലെ എന്തോ കലര്‍ത്തി ചതുരാകൃതിയില്‍ ചെറിയ കഷ്ണങ്ങളാക്കിയ ഒരു ഉല്‍പന്നം പ്ലാസ്റ്റിക് കവറില്‍ പായ്ക്ക് ചെയ്യുന്നതുവരെ കാണാം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ചിത്രങ്ങള്‍ ചോക്ലേറ്റ് നിര്‍മാണത്തിന്റേതല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ആദ്യഭാഗത്ത് വലിയ യന്ത്രസാമഗ്രികളുപയോഗിച്ച് മണ്ണുപോലെ തോന്നിക്കുന്ന ഖരപദാര്‍ഥമാണ് പിന്നീട് ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളാക്കി മാറ്റി മുറിച്ച് പായ്ക്ക് ചെയ്യുന്നത്. അവസാനഘട്ടത്തില്‍ ചോക്ലേറ്റിന്റെ നിറവും ആകൃതിയും കൈവരുന്നതായും കാണാം. എന്നാല്‍ ഇതിന്റെ പായ്ക്കിങ് സമയത്ത് കാണുന്ന കവറില്‍ നല്‍കിയിരിക്കുന്ന എഴുത്ത് ഇത് ചോക്ലേറ്റ് അല്ലെന്ന സൂചന നല്‍കി.
കേസര്‍ ചന്ദന്‍ എന്ന പേരിലാണ് ഉല്പന്നം പായ്ക്ക് ചെയ്തിരിക്കുന്നത്. ഹിന്ദിയില്‍ കുങ്കുമം, ചന്ദനം എന്നിങ്ങനെയാണ് ഇതിനര്‍ഥം. ഇതോടെ സുഗന്ധദ്രവ്യമോ മറ്റോ ആയിരിക്കാം ഈ ഉല്പന്നമെന്ന സൂചന ലഭിച്ചു. ഈ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ സമാനമായ പായ്ക്കുകളില്‍ നിരവധി ഉല്പന്നങ്ങള്‍ കണ്ടെത്തി. മിക്കതും അഗര്‍ബത്തി, ധൂപ്, മറ്റ് സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയാണ്. ഇക്കൂട്ടത്തില്‍ ചിത്രത്തിലെ അതേ പായ്ക്കറ്റും കാണാം.
റാത്തോഡ് ബ്രദേഴ്സ് എന്ന കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിലാണ് ഈ ഉല്പന്നത്തിന്റെ ചിത്രമുള്ളത്. വെബ്സൈറ്റ് പരിശോധിച്ചതോടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ആസ്ഥാനമായി പൂജാദ്രവ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയാണിതെന്ന് വ്യക്തമായി. ദീപ് സാഗര്‍ എന്ന പേരില്‍ പുറത്തിറക്കുന്ന ധൂപ് എന്ന ഉല്പന്നമാണ് പായ്ക്കറ്റിലുള്ളത്.
വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടതോടെ ഇക്കാര്യത്തില്‍ അവര്‍ സ്ഥിരീകരണവും നല്‍കി.
“ഏകദേശം ഒരുമാസം മുന്‍പ് ഹിന്ദിയില്‍ അടിക്കുറിപ്പോടെ ഈ വീഡിയോ യൂട്യൂബിലടക്കം പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കമ്പനി കാണ്‍പൂര്‍ പൊലീസിന് കീഴിലെ ഐടി സെല്ലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കമ്പനിയില്‍ ചോക്ലേറ്റ് ഉല്പാദിപ്പിക്കുന്നില്ല. അഗര്‍ബത്തിയും മറ്റ് പൂജാദ്രവ്യങ്ങളുമാണ് ഞങ്ങള്‍ ഉല്പാദിപ്പിക്കുന്നത്.”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.