Fact Check:  ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികാസ്ഥാനം തകരുന്ന ദൃശ്യം? വീഡിയോയുടെ വാസ്തവം

Fact Check: ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനികാസ്ഥാനം തകരുന്ന ദൃശ്യം? വീഡിയോയുടെ വാസ്തവം

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനിക ആസ്ഥാനത്തെ കെട്ടിടങ്ങള്‍ മിസൈല്‍ പതിച്ച് തകരുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Published on

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണ്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയടക്കം ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തെ കെട്ടിടം തകരുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  മിസൈല്‍ പതിച്ച് തകര്‍ന്നുവീഴുന്ന ബഹുനിലക്കെട്ടിടമാണ് വീഡിയോയിലുള്ളത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ പരിശോധിച്ചതോടെ ഈ ദൃശ്യങ്ങള്‍ നേരത്തെ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. സിബിഎസ് ന്യൂസ് എന്ന ഒരു വാര്‍ത്താ വെബ്സൈറ്റില്‍ സമാന ദൃശ്യങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് 2024 നവംബര്‍ 15നാണ്. ഇസ്രയേല്‍ ബെയ്റൂട്ടില്‍ ആക്രമണം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത

ഈ സൂചനകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ എക്കണോമിക്സ് ടൈംസ് യൂട്യൂബ് ചാനലില്‍ ഇതേ ദൃശ്യങ്ങള്‍ സഹിതം 2024 നവംബര്‍ 16ന് വാര്‍ത്ത നല്‍കിയിതായി കണ്ടെത്തി. ‌‌ഹിസ്ബുള്ളയുടെ അധികാരമേഖകളായ ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണിത്. ഇസ്രയേല്‍  - ലെബനന്‍ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. 

ഇതേ റിപ്പോര്‍ട്ട് ദൃശ്യങ്ങളടക്കം ദി ഗാര്‍ഡിയന്‍ യൂട്യൂബ് ചാനലിലും 2024 നവംബര്‍ 15 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ വിവിധ അന്തര്‍ദേശീയ മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചതായി കാണാം. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിലവിലെ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും ഇവ 2024 ലെ ഇസ്രയേല്‍ - ലെബനന്‍ സംഘര്‍ഷ സമയത്ത് ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റേതാണെന്നും സ്ഥിരീകരിച്ചു. 

logo
South Check
southcheck.in