

കൊല്‍ക്കത്തയില്‍ വര്‍ഷങ്ങള്‍ പഴക്കംചെന്ന മുസ്ലിം പള്ളി വിമാനത്താവള നവീകരണത്തിനായി പൊളിച്ചുനീക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൊല്‍ക്കത്തയില്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായി മുസ്ലിം പള്ളി പൊളിച്ചുനീക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ അറബിയില്‍ ചില വാക്യങ്ങളെഴുതിയ ഒരു കെട്ടിടം പൊളിക്കുന്നതായി കാണാം.
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ദൃശ്യങ്ങളിലേത് മുസ്ലിം പള്ളിയല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ സമാന ചിത്രങ്ങള്‍ ഉപയോഗിച്ച ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഡെയ്ലി ഒബ്സര്‍വര്‍ എന്ന ന്യൂസ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇത് ബംഗ്ലാദേശിലെ പാബ്നയില്‍ നടന്ന സംഭവമാണ്. പത്തുവയസ്സുകാരിയെ ബലാല്‍സംഗം ചെയത കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ വീട് നാട്ടുകാര്‍ ചേര്‍ന്ന തകര്‍ക്കുന്ന ദൃശ്യമെന്ന വിവരണത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ സമാനമായ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ബംഗ്ലാദേശി മാധ്യമങ്ങള്‍ നല്‍കിയ വീഡിയോ റിപ്പോര്‍ട്ടുകളിലും ഇതേ ദൃശ്യങ്ങള്‍ കാണാം.
ഇതോടെ പ്രചാരണം ഇന്ത്യയിലേതല്ലെന്നും കൊല്‍ക്കത്തയുമായി ഇതിന് ബന്ധമില്ലെന്നും മതപരമായ തലങ്ങളില്ലെന്നും വ്യക്തമായി.