Fact Check: ഇത് ആകാശച്ചുഴിയില്‍പെട്ട സിംഗപ്പൂര്‍ വിമാനത്തിലെ ദൃശ്യങ്ങളോ?

ആകാശച്ചുഴിയില്‍പെട്ട് ഒരാള്‍ മരണപ്പെട്ട സിംഗപ്പൂര്‍ വിമാനത്തിലെ അപകട ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് പ്രാദേശിക ഓണ്‍ലൈന്‍ ചാനലുകളടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact Check: ഇത് ആകാശച്ചുഴിയില്‍പെട്ട സിംഗപ്പൂര്‍ വിമാനത്തിലെ ദൃശ്യങ്ങളോ?

2024 മെയ് 20 ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടം സംഭവിച്ചിരുന്നു. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും ഒരു യാത്രക്കാരന്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഈ അപകടത്തിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

അപകടത്തില്‍പെട്ട സിംഗപ്പൂര്‍ വിമാനത്തിനകത്തെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ നിരവധി പേര്‍ ഫെയ്സ്ബുക്കിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് അപകടത്തില്‍പെട്ട സിംഗപ്പൂര്‍ വിമാനത്തിനകത്തെ ദൃശ്യങ്ങളല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വീഡിയോയിലെ ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. 

ന്യൂസ് ഡോട്ട് കോം എന്ന ഓസ്ട്രേലിയന്‍ വാര്‍ത്താ വെബ്സൈറ്റില്‍ 2019 ജൂണ്‍ 18നാണ്  ഈ വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകള്‍  സഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍ 17 ന് കൊസൊവോയിലെ പ്രിസ്റ്റിന വിമാനത്താവളത്തില്‍നിന്ന് സ്വിറ്റ്സര്‍ലന്റിലെ ബേസലിലേക്ക് പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍പെട്ട് അപകടമുണ്ടായതായാണ് റിപ്പോര്‍ട്ട്. 

ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ മറ്റ് നിരവധി മാധ്യമങ്ങള്‍ ഈ സംഭവം   റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. ALK എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നും അപകടത്തെത്തുടര്‍ന്ന് ബേസലിനടുത്തുള്ള യൂറോ വിമാനത്താവളത്തിലിറക്കിയ വിമാനത്തില്‍ ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ലെന്നും USA Today റിപ്പോര്‍ട്ട് ചെയ്യുന്നു. 

ABC News, People തുടങ്ങിയ വാര്‍ത്താ വെബ്സൈറ്റുകളും ഇതേ വിവരങ്ങള്‍ 2019 ജൂണ്‍ 18ന് റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 

Euronews യൂട്യൂബ് ചാനലില്‍ 2019 ജൂണ്‍ 19ന് ഇതിന്റെ വീഡിയോ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 

തുടര്‍ന്ന് 2024 മെയ് 20നുണ്ടായ അപകടത്തെക്കുറിച്ചുള്ള വാര്‍ത്തകളും പരിശോധിച്ചു. സംഭവസമയത്തെ വീഡിയോ ദൃശ്യങ്ങള്‍ ആരും പ്രസിദ്ധീകരിച്ചതായി കണ്ടില്ല. വിമാനം ലാന്റ് ചെയ്തതിന് ശേഷമെടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത്. 

അപകടത്തെക്കുറിച്ച് വിശദീകരണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സും രംഗത്തെത്തിയിരുന്നു. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അഞ്ചുവര്‍ഷത്തോളം പഴയതാണെന്നും 2024 മെയ് 20നുണ്ടായ സിംഗപ്പൂര്‍ വിമാനത്തിന്റെ അപകടവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in