Fact Check: ബീഹാറില്‍ പുതുതായി ഉദ്ഘാടനം ചെയ്ത മെട്രോയില്‍ ടിക്കറ്റെടുക്കാതെ കയറുന്ന യാത്രക്കാര്‍? വീഡിയോയുടെ സത്യമറിയാം
ബീഹാറില്‍ ഈയിടെ ഉദ്ഘാടനം ചെയ്ത പട്ന മെട്രോ റെയിലില്‍ ജനങ്ങള്‍ ടിക്കറ്റെടുക്കാതെ അതിക്രമിച്ച് കടക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്‍ട്രന്‍സ് ഗേറ്റില്‍ ടിക്കറ്റ് സ്കാന്‍ ചെയ്യാതെ അടിയിലൂടെ നുഴഞ്ഞുകയറുന്ന ചിലരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ പട്ന മെട്രോ സ്റ്റേഷനിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ വീഡിയോയില്‍ ഒരു ലോഗോ കണ്ടെത്തി. ഇത് പട്ന മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ലോഗോ അല്ലെന്ന് വ്യക്തമായി. ഗൂഗ്ള്‍ ലെന്‍സ് ഉപയോഗിച്ച് നടത്തി പരിശോധനയില്‍ ലോഗോ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റേതാണെന്ന് വ്യക്തമായി.
ഇതോടെ പ്രചരിക്കുന്ന വീഡിയോ ഡല്‍ഹി മെട്രോ ശൃംഖലയിലെ ഏതെങ്കിലും മെട്രോ സ്റ്റേഷനില്‍നിന്ന് പകര്‍ത്തിയതാകാമെന്ന് വ്യക്തമായി. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ വീഡിയോ വീണ്ടും പരിശോധിച്ചതോടെ വീഡിയോയില്‍ വാട്ടര്‍ പാര്‍ക്ക് എന്ന് അടയാളപ്പെടുത്തിയ ദിശാസൂചിക കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വീഡിയോ ഹുദ സിറ്റി സെന്റര്‍ മെട്രോയിലേതാകാമെന്ന സൂചന ലഭിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി ഹുദ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷന്റെ ഗൂഗ്ള്‍ മാപ്പ് ചിത്രവും പ്രചരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങളും താരതമ്യം ചെയ്തു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി മെട്രോ ശൃംഖലയുടെ ഭാഗമായ ഹുദ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനിലേതാണെന്ന് വ്യക്തമായി. വീഡിയോ പട്ന മെട്രോ സ്റ്റേഷനിലേതല്ലെന്ന് കാണിച്ച് പട്ന മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പും ലഭ്യമായി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു.