
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോ നിര്‍മിതബുദ്ധി സങ്കേതങ്ങളുപയോഗിച്ച് സൃഷടിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇത് യഥാര്‍ത്ഥ വീഡിയോ ആയിരിക്കില്ലെന്ന സൂചനകള്‍ ലഭിച്ചു. വാഹനത്തിലെ മിസൈലുകളും യുദ്ധോപകരണങ്ങളും അസാധാരണമായി അനുഭവപ്പെട്ടു. കൂടാതെ വാഹനത്തിന്റെ വലതുവശത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യം ചിത്രീകരിക്കുന്ന കുട്ടിയുടെ ഒരു കൈ മാത്രമാണ് കാണാനാവുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറും അസ്വാഭാവികമായി തോന്നി.
ആദ്യഘട്ടമായി പാക്കിസ്ഥാനിലെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറുകളുടെ ഫോര്‍മാറ്റ് പരിശോധിച്ചു. ഇത് പ്രചരിക്കുന്ന ദൃശ്യങ്ങളിലേതില്‍നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോ ആദ്യമായി പങ്കുവെച്ച പേജ് കണ്ടെത്താന്‍ ശ്രമിച്ചു. ഇതില്‍ afham.kamran എന്ന വാട്ടര്‍മാര്‍ക്ക് കണ്ടെത്തി. ഈ യൂസര്‍നെയിമിലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോ ഈ പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2025 മെയ് 9നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് വിവരണമോ അടിക്കുറിപ്പോ നല്‍കിയിട്ടില്ലെങ്കിലും ഈ പേജില്‍ പങ്കുവെച്ചിരിക്കുന്ന മറ്റ് പല വീഡിയോകളും എഐ നിര്‍മിതമാണെന്ന് കണ്ടെത്തി.
പേജിന്റെ വിവരങ്ങള്‍ പരിശോധിച്ചതോടെ എഐ ഉപയോഗിച്ച് സര്‍ഗാത്മക ഭാവനാ ദൃശ്യങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുയും ചെയ്യാനായി തയ്യാറാക്കിയ പേജാണിതെന്ന് മനസ്സിലായി. പങ്കുവെച്ച മിക്ക വീഡിയോകളിലും #AIRealism ഉള്‍പ്പെടെ ഹാഷ്ടാഗുകളും കാണാം. എഐ ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്ന കോഴ്സും ഈ പേജിന്റെ ഉടമ നടത്തിവരുന്നതായി കണ്ടെത്തി. ഇതിനായി പ്രത്യേക വെബ്സൈറ്റും വിവരരങ്ങളും നല്‍കിയിട്ടുണ്ട്.
പ്രചരിക്കുന്ന ദൃശ്യം എഐ നിര്‍മിതമാണെന്ന വ്യക്തമായ സൂചന ലഭിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനായി പേജിന്റെ ഉടമയുമായി ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ വഴി ബന്ധപ്പെട്ടു. പ്രചരിക്കുന്നതടക്കം പേജിലെ ദൃശ്യങ്ങളെല്ലാം എഐ നിര്‍മിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ യഥാര്‍ത്ഥമല്ലെന്നും സ്ഥിരീകരിച്ചു.