

തീവ്ര ഇസ്‍ലാമിക മുദ്രാവാക്യങ്ങളുമായി വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. യുഡിഎഫ് പിന്തുണയോടെ മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സാറാ കൂടാരം എന്ന സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെ എന്ന മുദ്രാവാക്യത്തിനൊപ്പം മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രവും പോസ്റ്ററില്‍ കാണാം.
പ്രചാരണം വ്യാജമാണെന്നും പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം കാണാം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് പൂര്‍ത്തിയാകുന്നതേ ഉള്ളൂ എന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഔദ്യോഗികമായി ചിഹ്നം അനുവദിച്ചില്ല. മാത്രവുമല്ല, ഇത്തവണ വെല്‍ഫെര്‍പാര്‍ട്ടിയുമായി പരസ്യമായി യുഡിഎഫ് സഖ്യം പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ പഴയതാകാമെന്ന സൂചനലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി 2020 -ലെ തിരഞ്ഞെടുപ്പിലാണ് സാറാ കൂടാരം മത്സരിച്ച് വിജയിച്ചതെന്നും 2020-25 കാലയളവില്‍ ഇവര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നുവെന്നും തദ്ദേശ സ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന് വ്യക്തമായി.
ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2020-ല്‍ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച പോസ്റ്റര്‍ ലഭിച്ചു.
പ്രചരിക്കുന്ന പോസ്റ്ററുമായി താരതമ്യം ചെയ്തതോടെ തീവ്ര ഇസ്‍ലാമിക മുദ്രാവാക്യവും മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രങ്ങളും ഇതില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് സാറാ കൂടാരവുമായി ഫോണില്‍ സംസാരിച്ചു. അവരുടെ പ്രതികരണം:
“2020-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് നടന്ന പ്രചാരണമാണിത്. എന്റെ പോസ്റ്ററില്‍ ചിത്രങ്ങളും വിവാദ മുദ്രാവാക്യങ്ങളും ചേര്‍ത്ത് നടത്തിയ പ്രചാരണത്തിനെതിരെ അന്ന് ജില്ലാകലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കൗണ്‍സിലറായി ജയിച്ചതിന് ശേഷവും ഇതില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോള്‍ വീണ്ടും ഇത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഈ വര്‍ഷം ഞാന്‍ മത്സരിക്കുന്നില്ല. യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്. വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി മുന്നോട്ടുപോകും”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.