Fact Check: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് - പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ സത്യമറിയാം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് നല്‍കുന്ന പദ്ധതിയ്ക്കായി രജിസ്റ്റര്‍ ചെയ്യാനെന്ന തരത്തില്‍ ലിങ്കിനൊപ്പം പ്രചരിക്കുന്ന സന്ദേശത്തില്‍ ഇതിനകം പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ലാപ്ടോപ് നല്‍കിയതായും അവകാശപ്പെടുന്നു.
Fact Check: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ് - പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ സത്യമറിയാം

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ് നല്‍കുന്നുവെന്ന തരത്തില്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പ്രധാനമായും വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം പത്ത് ലക്ഷത്തോളം പേര്‍ക്ക് പദ്ധതിയിലൂടെ ലാപ്ടോപ് ലഭിച്ചതായും സന്ദേശത്തില്‍ അവകാശപ്പെടുന്നു. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും അതുവഴി സാമ്പത്തിക തട്ടിപ്പ് അടക്കം ലക്ഷ്യമിടുന്ന ലിങ്കാണ് പ്രചരിക്കുന്നതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പദ്ധതിയുടെ പേരോ നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാതെ പ്രചരിക്കുന്ന സന്ദേശം പ്രഥമദൃഷ്ട്യാ സംശയമുളവാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ലിങ്ക് ഏതെങ്കിലും ഔദ്യോഗിക സംവിധാനത്തിന് കീഴിലുള്ള വെബ്സൈറ്റിന്റേതല്ലെന്നും വ്യക്തമായി. ഇന്‍റര്‍നെറ്റ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഫയര്‍വാള്‍ സംവിധാനങ്ങള്‍ ഈ വെബ്സൈറ്റ് സംശയാസ്പദമായി ബ്ലോക്ക് ചെയ്യുന്നതായും ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം വെബ്സൈറ്റിലേക്ക് കടന്നു. ഫോണില്‍ ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയതാണ് വെബ്സൈറ്റ് എന്ന് ഇതിന്റെ ഘടനയില്‍നിന്നുതന്നെ വ്യക്തമാണ്. വെബ്സൈറ്റിന്റെ URL ഉള്‍പ്പെടെ ഘടകങ്ങള്‍ ഇത് വ്യാജമാകാമെന്നതിന്റെ പ്രധാന സൂചനയായി. 

ആദ്യം പ്രവേശിക്കുന്ന പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ വിവരങ്ങള്‍ നല്‍കാനുള്ള ഫോം കാണാം. പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത,  ആവശ്യമുള്ള ലാപ്ടോപ്പിന്റെ ബ്രാന്‍ഡ് തുടങ്ങിയവയ്ക്കൊപ്പം ഒരു ഗണിത ചോദ്യവും നല്‍കിയിട്ടുണ്ട്. ഇതിന് എന്ത് ഉത്തരം നല്‍കിയാലും അടുത്ത പേജിലേക്ക് പോകുന്നുവെന്നതും ശ്രദ്ധേയമാണ്. 

തൊട്ടടുത്ത പേജില്‍ ലാപ്ടോപ് ലഭിക്കാന്‍ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാനെന്ന പേരില്‍ ഒരു ബട്ടന്‍ നല്‍കിയിട്ടുണ്ട്. ഇതിന് താഴെ ഫെയ്സ്ബുക്കിലേതിന് സമാനമായി ഏതാനും കമന്റുകള്‍ കാണാം. ലാപ്ടോപ് കിട്ടിയെന്ന്  അവകാശപ്പെടുന്ന ചിലരുടേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. എഡിറ്റ് ചെയത് സൃഷ്ടിച്ചെടുത്ത വെറുമൊരു ചിത്രമായാണ് ഈ കമന്റുകള്‍ ഇവിടെ ചേര്‍ത്തിരിക്കുന്നത്. 

ചെക്ക് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു പേജിലേക്കെത്തുന്നു. സ്ഥിരീകരണത്തിനുള്ള പേജാണെന്നും തുടര്‍ന്ന് ചില വിവരങ്ങള്‍ നല്‍കാനോ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടുമെന്നും പേജില്‍ കാണാം. ഇത് ഏറെ പ്രധാനപ്പെട്ട ഘട്ടമാണെന്നും സന്ദേശത്തില്‍ പറയുന്നു. 

വെരിഫൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ മറ്റ് പല വെബ്സൈറ്റുകളിലേക്കാണ് എത്തിച്ചേരുന്നത്. ഇത് ഓരോ തവണയും വ്യത്യസ്തമാണെന്നും കണ്ടെത്തി. ചില അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ, ചില പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനോ ആണ് നിര്‍ദേശം. 

തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട അപ്ലിക്കേഷനുകളില്‍ സ്ക്രീന്‍ പങ്കുവെയ്ക്കുന്ന ചില അപ്ലിക്കേഷനുകള്‍ വരെ കണ്ടെത്തി. കൂടാതെ Exness എന്ന മറ്റൊരു വെബ്സൈറ്റിലേക്കും എത്തിച്ചേരുന്നുണ്ട്. ഇത് ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സംവിധാനമാണ്. പല രാജ്യങ്ങളിലും ഇതിന് നിരോധനവുമുണ്ട്. 

ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണ് ലക്ഷ്യമെന്നും വ്യക്തമായി. 

സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് അപകടകരമാണെന്ന് ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
logo
South Check
southcheck.in