ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയെ അപമാനിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഗൂഗ്ൾ സിഇഒ സുന്ദർ പിച്ചൈ കടുത്ത മറുപടി നൽകിയെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നു. ഗൂഗ്ൾ ഒരു അമേരിക്കൻ കമ്പനിയാണോ അതോ ഇന്ത്യൻ കമ്പനിയാണോ എന്ന് ട്രംപ് സുന്ദർ പിച്ചൈയെ വിരട്ടിയെന്നാണ് അവകാശവാദം. ഇതിന് മറുപടിയായി തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും തനിക്ക് വിദ്യാഭ്യാസവും അറിവും നൽകിയത് ഇന്ത്യയാണെന്നനും അമേരിക്കയെ മാത്രമല്ല മാനവികതയെയാണ് സേവിക്കുന്നതെന്നും പിച്ചൈ മറുപടി നൽകിയതായും പോസ്റ്റില്‍ അവകാശപ്പെടുന്നു.
ലോക സാമ്പത്തിക ഫോറത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വേദിയിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചപ്പോൾ, സുന്ദർ പിച്ചൈയുടെ ശാന്തവും എന്നാൽ ഉറച്ചതുമായ പ്രതികരണം എന്ന വിവരണത്തോടെയാണ് പോസ്റ്റ്. സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ആണെന്നും പോസ്റ്റിൽ പറയുന്നു.
പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ഭാഗം എഐ ഉപയോഗിച്ച് നിർമിച്ച സാങ്കൽപ്പിക വീഡിയോയിൽ നിന്നാണെന്നും കണ്ടെത്തി.
2025 ജനുവരി 20 മുതൽ 24 വരെ സ്വിറ്റസർലാൻഡിലെ ദാവോസ്-ക്ലോസ്റ്റേഴ്‌സിൽ നടന്ന ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിൻ്റെ വിവരങ്ങൾ പരിശോധിച്ചു. WEF ഔദ്യോഗിക വെബ്സൈറ്റിലെ വിവരം പ്രകാരം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാതെ, 2025 ജനുവരി 23-ന് വെർച്വൽ ആയി മാത്രമാണ് പങ്കെടുത്തതെന്ന് കണ്ടെത്തി. തൻ്റെ പ്രസംഗത്തിലും തുടർന്ന് നടന്ന ചർച്ചകളിലും, കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും അമേരിക്കൻ വ്യാപാരബന്ധം, സാമ്പത്തിക നയം, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ വിഷയങ്ങളാണ് സംസാരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതായി സൂചനകളൊന്നുമില്ല.
തുടര്‍ന്ന് പരിപാടിയുടെ മുഴുവൻ സമക്രമവും പരിശോധിച്ചതോടെ സുന്ദർ പിച്ചൈ പങ്കെടുത്തില്ലെന്ന് വ്യക്തമായി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാവോസിലെത്തിയ സംഘത്തിൽ ഇല്ലെന്ന് പിഐബി വാർത്താകുറിപ്പിൽ നിന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയിൽ മുൻ WEF സമ്മേളനങ്ങളിലും ട്രംപ്, ജയശങ്കർ, സുന്ദർ പിച്ചൈ എന്നിവർ തമ്മിൽ ഇത്തരം സംഭാഷണം നടന്നതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകളോ ഔദ്യോഗിക പ്രസ്താവനകളോ ഒന്നും കണ്ടെത്താനായില്ല.
പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം പരിശോധിച്ചതോടെ ഇത് LitNarrator എന്ന ഒരു യൂട്യൂബ് ചാനലില്‍നിന്നാണ് പങ്കുവെച്ചതെന്ന് വ്യക്തമായി. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന വീഡിയോകളാണ് ചാനലിന്റെ ഉള്ളടക്കമെന്ന് ചാനല്‍ വിവരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതോടെ ലോക സാമ്പത്തിക ഫോറത്തിൽ ട്രംപ് - സുന്ദർ പിച്ചൈ വാഗ്വാദം എന്ന പ്രചാരണം വസ്തുതവിരുദ്ധമാണെന്നും പ്രചരിക്കുന്ന വീഡിയോ എഐ നിര്‍മിതമാണെന്നും സ്ഥിരീകരിച്ചു.