Malayalam

ക്രിസ്മസിന് നിര്‍ബന്ധിച്ച് പണപ്പിരിവും അക്രമവും: ദൃശ്യങ്ങള്‍ക്ക് പിന്നില്‍

മൂന്ന് മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി ഏതാനും യുവാക്കള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സംഭാവന ചോദിക്കുന്നതും നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അക്രമിക്കുന്നതും കാണാം.

HABEEB RAHMAN YP

ക്രിസ്മസ് ആഘോഷത്തിനായി നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തുന്നതിന്റെയും അക്രമിക്കുന്നതിന്റെയും ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. DYFI പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും മദ്യവും മയക്കുമരുന്നുമാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നും തുടങ്ങി വ്യത്യസ്ത വിവരണങ്ങളോടെ ഈ വീഡിയോ വാട്സാപ്പിലും ഫെയ്സ്ബുക്ക് ഉള്‍പ്പെടെ മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Fact-check: 

വീഡിയോയില്‍ കാണുന്നത് യഥാര്‍ത്ഥ സംഭവമല്ലെന്നും മുന്‍കൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കി ചിത്രീകരിച്ചതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. ക്രിസ്മസിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു സംഭവം നടന്നാല്‍ സ്വാഭാവികമായും അത് മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്നും DYFI പോലെ ഒരു യുവജനസംഘടനയ്ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ വലിയരീതിയില്‍‍ മാധ്യമചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുമെന്ന സാമാന്യയുക്തിയാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്. മാധ്യമവാര്‍ത്തകളിലൊന്നും ഈ സംഭവം പരാമര്‍ശിച്ചതായി കണ്ടില്ല. 

വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയെങ്കിലും കൂടുതല്‍ റിസള്‍ട്ടുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഫെയ്സ്ബുക്കിലെ അഡ്വാന്‍സ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ചു. 'പിരിവ്' എന്ന വാക്കുപയോഗിച്ച് വീഡിയോ ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്ത് പരിശോധിച്ചതോടെ വ്യത്യസ്ത അടിക്കുറിപ്പുകളോടെ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. ഇതില്‍ പലരും ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന തരത്തിലും വിവരണം നല്‍‍കിയിട്ടുണ്ട്. പോസ്റ്റുകളില്‍ ടാഗ് ചെയ്ത അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധിച്ചതോടെ സുജിത് രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങളോടെ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.

അരങ്ങില്‍, അണിയറയില്‍ എന്നിങ്ങനെ അഭിനയിച്ചവരുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെയും പേരുകള്‍ക്കൊപ്പം ബോധവല്ക്കരണ ഉദ്ദേശത്തോടെ തയ്യാറാക്കിയ വീഡിയോ ആണെന്ന മുന്നറിയിപ്പും ചേര്‍ത്തിട്ടുണ്ട്. 

എന്നാല്‍ ഈ വിവരങ്ങള്‍ പിന്നീട് ചേര്‍ത്തതാണെന്നും യഥാര്‍ത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ചാണ് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 2023 ഡിസംബര്‍ 26ന്  വൈകീട്ട് 6:06ന് നാടൊട്ടുക്കു പിരിവ്, കടക്കല്‍നിന്ന് കുളത്തുപ്പുഴക്ക് കുടുംബവുമായി സഞ്ചരിച്ച യുവാവിന് സംഭവിച്ചത് എന്ന വിവരണത്തോടെയായിരുന്നു വീഡിയോ ആദ്യമായി പങ്കുവെച്ചത്.

പിന്നീട് 7:22 ന് അരങ്ങില്‍, അണിയറയില്‍ എന്നീ വിവരണങ്ങളും പേരുകളും കൂട്ടിച്ചേര്‍ത്തു. 

തുടര്‍ന്ന് പിറ്റേദിവസം, അതായത് 2022 ഡിസംബര്‍ 27ന് ഉച്ചകഴിഞ്ഞ് 2:45നാണ് വീഡിയോ ബോധവല്ക്കരണമെന്ന രീതിയില്‍ നിര്‍മിച്ചതാണെന്ന് വിവരണത്തിനൊപ്പം ചേര്‍ക്കുന്നത്. സ്വാഭാവികമായും യഥാര്‍ത്ഥ വീഡിയോ എന്നരീതിയില്‍ തെറ്റിദ്ധരിച്ചാണ് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചതെന്ന് വ്യക്തം. 

വീഡിയോ തെറ്റായ വിവരണങ്ങളോടെ പ്രചരിച്ചതിന് പിന്നാലെ സുജിത് രാമചന്ദ്രനെ ടാഗ് ചെയ്ത് ഇതിലഭിനയിച്ചവരുടെ സെല്‍ഫി ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. 

ഇതോടെ പ്രചരിക്കുന്ന വീഡിയോ മു‍ന്‍കൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കി ചിത്രീകരിച്ചതാണെന്നും  യഥാര്‍ത്ഥ സംഭവമല്ലെന്നും വ്യക്തമായി. ഇക്കാര്യം മറച്ചുവെച്ച് വീഡിയോ ആദ്യഘട്ടത്തില്‍ പങ്കുവെച്ചതാണ് ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനും വ്യാജ അടിക്കുറിപ്പുകളോടെ വീഡിയോ പ്രചരിക്കാനും ഇടയാക്കിയത്. 

നേരത്തെ ഇവര്‍ ചെയ്ത കര്‍ഷകപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റഡ് വീഡിയോയും ഇത്തരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തുടര്‍ന്ന് അതിലഭിനയിച്ച വ്യക്തിതന്നെ നേരിട്ട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. 

Fact Check: BJP workers assaulted in Bihar? No, video is from Telangana

Fact Check: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയില്‍ ജനത്തിരക്കെന്നും ആളില്ലെന്നും പ്രചാരണം - ദൃശ്യങ്ങളുടെ സത്യമറിയാം

Fact Check: நடிகர் ரஜினி தவெக மதுரை மாநாடு குறித்து கருத்து தெரிவித்ததாக பரவும் காணொலி? உண்மை என்ன

Fact Check: ಬಾಂಗ್ಲಾದೇಶದಲ್ಲಿ ಕಳ್ಳತನ ಆರೋಪದ ಮೇಲೆ ಮುಸ್ಲಿಂ ಯುವಕರನ್ನು ಥಳಿಸುತ್ತಿರುವ ವೀಡಿಯೊ ಕೋಮು ಕೋನದೊಂದಿಗೆ ವೈರಲ್

Fact Check: రాహుల్ గాంధీ ఓటర్ అధికార యాత్రను వ్యతిరేకిస్తున్న మహిళ? లేదు, ఇది పాత వీడియో