Malayalam

Fact Check: സുനിത വില്യംസ് കേരളത്തെ തകര്‍ക്കുമെന്ന് ധനമന്ത്രി? നിയമസഭ വീഡിയോയുടെ വാസ്തവം

ബഹിരാകാശ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന സുനിത വില്യംസ് പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പ്രസംഗിച്ചുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ദീര്‍ഘകാല വാസത്തിന് ശേഷം 2025 മാര്‍ച്ച് 19നാണ് സുനിത വില്യംസ് ഭൂമിയില്‍ തിരിച്ചെത്തിയത്. തലേ ദിവസം തന്നെ അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് യാത്ര പുറപ്പെടുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുനിത വില്യംസിനെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗഭാഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ സുനിത വില്യംസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ ഇത്തരത്തില്‍ മന്ത്രി പറയുന്നതിന്റെ ഭാഗവും കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രിയുടെ പ്രസംഗത്തിന്റെ ചെറിയഭാഗം മാത്രം സന്ദര്‍ഭത്തില്‍നിന്ന് മാറ്റി അപൂര്‍ണമായാണ് പ്രചരിപ്പിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയില്‍ കൈരളി ന്യൂസ് ചാനലിന്റെ ലോഗോ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൈരളി ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ പ്രസ്തുത വീഡിയോ കണ്ടെത്തി. 2025 മാര്‍ച്ച് 18നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി സംബന്ധിച്ചാണ് വാര്‍ത്ത. “കേരളത്തെ തകർക്കാൻ ശ്രമിക്കേണ്ട, സുനിത വില്യംസിനെപ്പോലെ തിരിച്ചുവരുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ” എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച മൂന്നുമിനുറ്റിലധികം ദൈര്‍ഘ്യമുള്ള വാര്‍ത്ത കണ്ടെത്തി. സര്‍ക്കാറിന്റെ സാമ്പത്തിക എസ്റ്റിമേറ്റ് സംബന്ധിച്ച് പ്രതിപക്ഷം സഭയിലുന്നയിച്ച ആശങ്കകള്‍ക്ക് ധനമന്ത്രി നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. സേഫ് ലാന്‍ഡിങിന്റെ സമയത്ത് ധനമന്ത്രി ടേക്ക് ഓഫിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ വിമര്‍ശിച്ചു. ഇതിന് മറുപടിയായാണ് ധനമന്ത്രി സുനിത വില്യംസിനെപ്പോലെ സംസ്ഥാനം പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.

ഇതോടെ ധനമന്ത്രിയുടെ പ്രസംഗത്തിലെ ചെറിയൊരുഭാഗം മാത്രം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് സഭ ടിവിയുടെ ചോദ്യോത്തരവേള സമയത്തെ തത്സമയ സംപ്രേഷണം പരിശോധിച്ചതോടെ പ്രസംഗങ്ങളുടെ പൂര്‍ണപതിപ്പ് ലഭ്യമായി. 

ലാന്റിങ്, ടേക്ക് ഓഫ് തുടങ്ങിയ പ്രയോഗങ്ങള്‍ പ്രതിപക്ഷം ഉപയോഗിച്ച പശ്ചാത്തലത്തിലാണ് മറുപടി നല്‍കവെ സുനിത വില്യംസിന്റെ ഉദാഹരണം മന്ത്രി പരാമര്‍ശിക്കുന്നതെന്ന് കാണാം. ഇതില്‍ മന്ത്രിയുടെ വാക്യം പൂര്‍ണമായി കേട്ടാല്‍ സുനിത വില്യംസിനെപ്പോലെ പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നോട്ടുപോകുമെന്നാണ് മന്ത്രി പറയുന്നതെന്ന് വ്യക്തമാണ്. വാക്യം അപൂര്‍ണമായി മുറിയുന്ന തരത്തില്‍ വീഡിയോ എഡിറ്റ് ചെയ്യുമ്പോഴാണ് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നതെന്നും ഇതോടെ സ്ഥിരീകരിച്ചു. 

Fact Check: Potholes on Kerala road caught on camera? No, viral image is old

Fact Check: ഇത് റഷ്യയിലുണ്ടായ സുനാമി ദൃശ്യങ്ങളോ? വീഡിയോയുടെ സത്യമറിയാം

Fact Check: ஏவுகணை ஏவக்கூடிய ட்ரோன் தயாரித்துள்ள இந்தியா? வைரல் காணொலியின் உண்மை பின்னணி

Fact Check: ಬುರ್ಖಾ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ವ್ಯಕ್ತಿಯೊಬ್ಬನ ಬಾಂಗ್ಲಾದೇಶದ ವೀಡಿಯೊ ಭಾರತದ್ದು ಎಂದು ವೈರಲ್

Fact Check: హైదరాబాద్‌లో ఇంట్లోకి చొరబడి పూజారిపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి