Malayalam

Fact Check: ഹജ് ക്യാമ്പ് വളണ്ടിയറാകാന്‍ ചില വിഭാഗങ്ങള്‍ക്ക് പരിഗണനയോ? അപേക്ഷാഫോമിന്റെ നിജസ്ഥിതിയറിയാം

കാന്തപുരം വിഭാഗത്തിനും SSF, SYS സംഘടനകള്‍ക്കും പരിഗണന നല്‍കുന്ന തരത്തില്‍ തയ്യാറാക്കിയ ഹജ് ക്യാമ്പ് വളണ്ടിയര്‍ അപേക്ഷാ ഫോമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

പരിശുദ്ധ ഹജ് തീര്‍ഥാടനത്തിന് ഇത്തവണ കേരളത്തില്‍നിന്ന് 17,883 പേരാണ് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നായി യാത്രതിരിക്കുന്നത്. ഇതില്‍ പതിനായിരത്തിലധികം പേരും കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് പോകുന്നത്. കരിപ്പൂരില്‍നിന്നുള്ള ആദ്യവിമാനം 2024 മെയ് 21ന് പുലര്‍ച്ചെ പുറപ്പെട്ടു. ഇതിന് തലേദിവസം ഹജ് ക്യാമ്പിന് കരിപ്പൂര്‍ ഹജ് ഹൗസില്‍ തുടക്കമായി.  

ഹജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള താല്‍ക്കാലിക ക്യാമ്പാണ് ഹജ് ക്യാമ്പുകള്‍. യാത്രയ്ക്കൊരുങ്ങാനായി സജ്ജീകരിച്ച ക്യാമ്പുകളില്‍ ഭക്ഷണവും ആരോഗ്യപരിചരണവും ഉള്‍പ്പെടെ ലഭ്യമാക്കും. നിരവധി പേരെ വളണ്ടിയര്‍ സേവനത്തിനും ആവശ്യമായി വരാറുണ്ട്. കരിപ്പൂര്‍ ഹജ് ക്യാമ്പില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് വളണ്ടിയര്‍മാരെ ക്ഷണിച്ച് തയ്യാറാക്കിയ അപേക്ഷാഫോമില്‍ ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

ഭരണപക്ഷത്തെ അനുകൂലിക്കുന്ന മുസ്ലിം സംഘടനയായ കാന്തപുരം വിഭാഗത്തിനും അവരുടെ യുവസംഘടനകളായ SSF, SYS എന്നിവയുടെ ഭാഗമായവര്‍ക്കും പരിഗണന നല്‍കുന്നതാണ് ഹജ് കമ്മിറ്റിയുടെ വളണ്ടിയര്‍ ഫോം എന്ന ആരോപണത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന അപേക്ഷാഫോം ഹജ് കമ്മിറ്റി പുറത്തിറക്കിയതല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത പരിശോധനയുടെ ഭാഗമായി കരിപ്പൂരിലെ ഹജ് ഹൗസുമായി ബന്ധപ്പെട്ടു. സംഭവത്തില്‍ അവരുടെ പ്രതികരണം ഇങ്ങനെ: 

ഹജ് ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് ഹജ് ക്യാമ്പുകളിലും തീര്‍ത്ഥാടനത്തിലുടനീളവും വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഇത് വളരെ നേരത്തെതന്നെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് നടത്തുന്ന പ്രക്രിയയാണ്. ഗവണ്മെന്റ് ഉദ്യോഗസ്ഥരാണ് പ്രധാനമായും ഇതിന്റെ ഭാഗമാവുക. ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനായി ഇത്തവണയും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫോം വേറെയാണ്. ഇത് കരിപ്പൂരിലെ ഹജ് ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യാനായി മാത്രമുള്ളതാണ്. ഹജ് കമ്മിറ്റിയല്ല ആ അപേക്ഷാ ഫോം പുറത്തിറക്കിയത്. ക്യാമ്പിലെ ഭക്ഷണ വിതരണത്തിന് എല്ലാ ചട്ടങ്ങളും പാലിച്ച് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. അതുപ്രകാരം ടെന്‍‍ഡര്‍ നേടിയ കമ്പനിയുടെ ഉത്തരവാദിത്തമാണ് ഭക്ഷണവിതരണവും. അവര്‍ പുറത്തിറക്കിയ അപേക്ഷാഫോമാണ് പ്രചരിക്കുന്നത്.

വിഷയം വിവാദമായതിന് പിന്നാലെ 2024 മെയ് 16ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ഹജ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും അവര്‍‌ അറിയിച്ചു. ഭക്ഷണവിതരണത്തിന് ടെന്‍ഡര്‍ നേടിയ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നടപടിയാണിതെന്നും ഹജ് കമ്മിറ്റിക്കോ സര്‍ക്കാറിനോ ഇതില്‍ പങ്കില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കക്ഷി-സംഘടന ഭേദമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഹജ് കമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

Hajj Committee Press Release 16 May 2024.pdf
Preview

യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം വിവിധ മാധ്യമ റിപ്പോര്‍ട്ടുകളിലും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

Fact Check: Tipu Sultan captured on camera in London? No, viral image shows African slave trader

Fact Check: ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും? KSRTC നിരക്കിലെ വാസ്തവം

Fact Check: தந்தையும் மகனும் ஒரே பெண்ணை திருமணம் செய்து கொண்டனரா?

ఫాక్ట్ చెక్: కేటీఆర్ ఫోటో మార్ఫింగ్ చేసినందుకు కాదు.. భువ‌న‌గిరి ఎంపీ కిర‌ణ్ కుమార్ రెడ్డిని పోలీసులు కొట్టింది.. అస‌లు నిజం ఇది

Fact Check: ಬೆಂಗಳೂರಿನಲ್ಲಿ ಮುಸ್ಲಿಮರ ಗುಂಪೊಂದು ಕಲ್ಲೂ ತೂರಾಟ ನಡೆಸಿ ಬಸ್ ಧ್ವಂಸಗೊಳಿಸಿದ್ದು ನಿಜವೇ?