Malayalam

Fact Check: ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ‘ജയ് ശ്രീറാം’? കേന്ദ്ര സഹമന്ത്രി എല്‍ മുരുകന്റെ വീഡിയോയുടെ സത്യമറിയാം

പെട്രോള്‍ – ഡീസല്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി ഡോ. എല്‍ മുരുകന്‍ ‘ജയ് ശ്രീറാം’ എന്ന് ആവര്‍ത്തിച്ച് മറുപടി നല്‍കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഇന്ധന വിലവര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ജയ്ശ്രീറാം’ എന്ന് ആവര്‍ത്തിച്ച് മറുപടി നല്‍കുന്ന കേന്ദ്രസഹമന്ത്രി ഡോ. എല്‍ മുരുകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തക പെട്രോള്‍-ഡീസല്‍ വില നാള്‍ക്കുനാള്‍ ഉയരുകയാണെന്നും ഇത് കുറയ്ക്കാന്‍ എപ്പോള്‍ നടപടിയുണ്ടാകുമെന്നും ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘ഒറ്റവാചകത്തില്‍ മറുപടി പറയുകയാണെങ്കില്‍ ജയ്ശ്രീറാം, ജയ്ശ്രീറാം, ജയ്ശ്രീറാം..’ എന്നാണ് ഇതിന് മന്ത്രിയുടെ മറുപടി.  (Archive)

Fact-check: 

പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ഇന്ധനവില വര്‍ധനയെക്കുറിച്ചായിരുന്നില്ല ചോദ്യമെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.

പതിനേഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഈ ചോദ്യവും അതിനുള്ള മറുപടിയും മാത്രമാണുള്ളത്. വീഡിയോയില്‍ കാണുന്ന സണ്‍ ന്യൂസിന്റെ ലോഗോയും മന്ത്രിയുടെ ജയ്ശ്രീറാം എന്ന മറുപടിയും സൂചനയായെടുത്ത് നടത്തിയ കീവേഡ് പരിശോധനയില്‍ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി. സണ്‍ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ 2023 ഒക്ടോബര്‍ 16നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പരിശോധിച്ചതോടെ വീഡിയോയിലെ ചോദ്യം ഇന്ധനവില വര്‍ധനയെക്കുറിച്ചല്ലെന്ന് വ്യക്തമായി. ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകര്‍ ഗ്രൗണ്ടില്‍ ‘ജയ്ശ്രീറാം’ വിളിച്ചതിനെക്കുറിച്ചാണ് ചോദ്യം. ചോദ്യം ചോദിക്കുന്നത് ഒരു പുരുഷശബ്ദത്തിലുമാണ്. ഇതോടെ ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു. 

പ്രചരിക്കുന്ന വീഡിയോയുടെയും സണ്‍ന്യൂസ് പങ്കുവെച്ച വീഡിയോയുടെയും ശബ്ദതരംഗങ്ങള്‍ താരതമ്യം ചെയ്തതോടെ വനിതാ മാധ്യമപ്രവര്‍ത്തക ഇന്ധനവിലയെക്കുറിച്ച് ചോദിക്കുന്ന ശബ്ദശകലം എഡിറ്റ്ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമായി. 

2023 ഒക്ടോബര്‍ 14നാണ് അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ആരാധകര്‍ ‘ജയ്ശ്രീറാം’ വിളിച്ചത് വിവാദമായത്. ഇതുസംബന്ധിച്ച് നിരവധി മാധ്യമവാര്‍ത്തകളും ലഭ്യമാണ്. 

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ടുദിവസങ്ങള്‍ക്കു ശേഷം തമിഴ്നാട്ടില്‍ കേന്ദ്രസഹമന്ത്രിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ അദ്ദേഹം അതിന് ‘ജയ്ശ്രീറാം’ എന്നുമാത്രം പ്രതികരിക്കുകയായിരുന്നു. വിവിധ തമിഴ് വാര്‍ത്താ ചാനലുകളുടെ യൂട്യൂബ് ചാനലുകള്‍ പരിശോധിച്ചതോടെ ഇതിന്റെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ലഭിച്ചു. വണ്‍ഇന്ത്യ തമിഴ്, ന്യൂസ് തമിഴ് തുടങ്ങിയ വാര്‍ത്താചാനലുകളുടെ യൂട്യൂബ് ചാനലുകളില്‍ ദൃശ്യങ്ങളുണ്ട്. മറ്റ് വിഷയങ്ങളിലെ പല ചോദ്യങ്ങള്‍ക്കും ശേഷമാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിക്കുന്നത്. 

കേന്ദ്രസഹമന്ത്രിയുടെ ‘ജയ്ശ്രീറാം’ പ്രതികരണത്തില്‍ തമിഴ്നാട്ടിലെ NTK നേതാവ് സീമാന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും യൂട്യൂബില്‍ ലഭ്യമാണ്. 

ഇതോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും പെട്രോള്‍ - ഡീസല്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യത്തിനല്ല മന്ത്രിയുടെ പ്രതികരണമെന്നും വ്യക്തമായി.

Fact Check: Tipu Sultan captured on camera in London? No, viral image shows African slave trader

Fact Check: ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും? KSRTC നിരക്കിലെ വാസ്തവം

Fact Check: தந்தையும் மகனும் ஒரே பெண்ணை திருமணம் செய்து கொண்டனரா?

ఫాక్ట్ చెక్: కేటీఆర్ ఫోటో మార్ఫింగ్ చేసినందుకు కాదు.. భువ‌న‌గిరి ఎంపీ కిర‌ణ్ కుమార్ రెడ్డిని పోలీసులు కొట్టింది.. అస‌లు నిజం ఇది

Fact Check: ಬೆಂಗಳೂರಿನಲ್ಲಿ ಮುಸ್ಲಿಮರ ಗುಂಪೊಂದು ಕಲ್ಲೂ ತೂರಾಟ ನಡೆಸಿ ಬಸ್ ಧ್ವಂಸಗೊಳಿಸಿದ್ದು ನಿಜವೇ?