കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുമെന്ന തരത്തിലാണ് പ്രചാരണം. ആദ്യഘട്ടത്തില്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും മൂന്നാംഘട്ടത്തില്‍ ഡിസംബര്‍ പതിനാലിന് ബാക്കി ജില്ലകളിലും എന്നതരത്തില്‍ സമയക്രമമടങ്ങുന്ന വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസിന്റെ കാര്‍ഡാണിത്
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്നത് പഴയ വാര്‍ത്താകാര്‍ഡ് ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വാര്‍ത്താ കാര്‍ഡുകളില്‍ പൊതുവെ തിയതി ഉള്‍പ്പെടുത്താറുണ്ടെങ്കിലും പ്രചരിക്കുന്ന കാര്‍ഡില്‍ തിയതി ഇല്ലെന്നത് ശ്രദ്ധയില്‍പെട്ടു. മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. നവംബര്‍ അഞ്ചിനകം പ്രഖ്യാപനമുണ്ടായേക്കുമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കണ്ടെത്താനായത്. തുടര്‍ന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും തിരഞ്ഞെടുപ്പ് തിയതികള്‍ സംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താനായില്ല. ഇതോടെ പ്രചിരിക്കുന്ന കാര്‍ഡ് പഴയതാകാമെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന 2020 ഡിസംബര്‍ സൂചനയായി എടുത്ത് 2020 നവംബറില്‍ മാതൃഭൂമി ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചു. ഇതോടെ 2020 നവംബര്‍ 6ന് ഫെയ്സ്ബുക്കില്‍ ഇതേ കാര്‍ഡ് പങ്കുവെച്ചതായി കണ്ടെത്തി. തിയതി കാര്‍ഡിലും ഉള്‍പ്പെടുത്തിയതായി കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രം 2020ലെ വാര്‍ത്താകാര്‍ഡ് ക്രോപ്പ് ചെയ്ത് പങ്കുവെയ്ക്കുന്നതാണെന്നും 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിയതി ഇതുവരെ (06-11-2025) തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമായി.