Malayalam

Fact Check: ഫ്രാന്‍സില്‍ കൊച്ചുകു‍ഞ്ഞിനെ ആക്രമിച്ച് മുസ്ലിം കുടിയേറ്റക്കാരന്‍? വീഡിയോയുടെ വാസ്തവം

HABEEB RAHMAN YP

ഫ്രാന്‍സില്‍ മുസ്ലിം കുടിയേറ്റക്കാരന്‍ കൊച്ചുകുഞ്ഞിനെ മര്‍ദിച്ചതായി പ്രചാരണം. ഫ്രാന്‍സിലെ ഒരു പാര്‍ക്കില്‍ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം എത്തിയ ചെറിയ കുട്ടിയെ ഒരു മുസ്ലിം കുടിയേറ്റക്കാരന്‍ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുസ്ലിം ‘ജിഹാദി’യെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നും അവകാശവാദമുണ്ട്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രശ്നത്തിന് മതപരമോ സാമുദായികമോ ആയ തലങ്ങളില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തെ അടിസ്ഥാനമാക്കി നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. സംഭവം നടന്നത് സ്പെയിനിലെ ബാഴ്സലോണയിലാണ്.

പ്രചരിക്കുന്ന വീഡിയോയില്‍നിന്നുള്ള സ്ക്രീന്‍ഷോട്ടാണ് റിപ്പോര്‍ട്ടിലും ഉപയോഗിച്ചിരിക്കുന്നത്. ഒരുവയസ്സ് മാത്രം പ്രായമായ കുഞ്ഞിനെ ഒരാള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. റിപ്പോര്‍ട്ടില്‍‍ ആക്രമിച്ച വ്യക്തിയെക്കുറിച്ച വിശദാംശങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ മറ്റ് വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. 

ഒലീവ് പ്രസ് എന്ന വാര്‍ത്താ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ പേര് ഹെന്‍-റി ആര്‍ സി എന്നാണ് നല്‍കിയിരിക്കുന്നത്. സമാനമായ മറ്റ് അതിക്രമസംഭവങ്ങളിലും അദ്ദേഹത്തിനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

ലഭ്യമായ പേരുള്‍പ്പെടെ നടത്തിയ വിശദമായ പരിശോധനയില്‍ ഈ വ്യക്തിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടെത്തി. യൂറോ വീക്കിലി ന്യൂസ് എന്ന പോര്‍ട്ടലിലും ഇതേ വിവരങ്ങള്‍ കാണാം.

ഇക്വഡോര്‍ കുടിയേറ്റക്കാരനായ ഹെന്‍-റിയുടെ മതത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളിലൊന്നും പരാമര്‍ശമില്ല. അതേസമയം ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും നേരത്തെയും ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഭവത്തിന് മതപരമോ സാമുദായികമോ ആയ തലങ്ങളില്ലെന്നും അറസ്റ്റിലായ വ്യക്തിയുടെ പേര് ഹെന്‍-റി എന്നാണെന്നും വ്യക്തമായി. 

Fact Check: Video of Nashik cop prohibiting bhajans near mosques during Azaan shared as recent

Fact Check: சென்னை சாலைகள் வெள்ளநீரில் மூழ்கியதா? உண்மை என்ன?

ఫ్యాక్ట్ చెక్: హైదరాబాద్‌లోని దుర్గా విగ్రహం ధ్వంసమైన ఘటనను మతపరమైన కోణంతో ప్రచారం చేస్తున్నారు

Fact Check: ಆಹಾರದಲ್ಲಿ ಮೂತ್ರ ಬೆರೆಸಿದ ಆರೋಪದ ಮೇಲೆ ಬಂಧನವಾಗಿರುವ ಮಹಿಳೆ ಮುಸ್ಲಿಂ ಅಲ್ಲ

Fact Check: Old video of MP Pappu Yadav crying linked to Baba Siddique's killing