ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്ന പഴയകാല ചിത്രമെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പണ്ടുകാലത്ത് ശബരിമലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് മകരവിളക്ക് തെളിയിക്കുന്ന ചിത്രമെന്ന വിവരണത്തോടൊയാണ് ചിത്രം പ്രചരിക്കുന്നത്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മമിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ വലിയൊരു നിലവിളക്കും അത് ഒരു പന്തമുപയോഗിച്ച് തെളിയിക്കുന്നതുമാണ് കാണുന്നത്. എന്നാല്‍ മകരവിളക്ക് എന്നത് നിലവിളക്ക് കൊളുത്തുന്നതല്ല. മറിച്ച്, പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരതിയാണ്. കൂടാതെ ചിത്രത്തിലെ ഉദ്യോഗസ്ഥരുടെ യൂനിഫോമും പശ്ചാത്തലത്തിലെ ജീപ്പുമെല്ലാം ചിത്രം വ്യാജമാകാമെന്ന സൂചന നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എഐ ചിത്രങ്ങള്‍ തിരിച്ചറിയാനുപയോഗിക്കുന്ന വാസ്ഇറ്റ്എഐ പ്ലാറ്റ്ഫോമില്‍ നടത്തിയ പരിശോധനയില്‍ ചിത്രം എഐ നിര്‍മിതമാണെന്ന ഫലം ലഭിച്ചു.
തുടര്‍ന്ന് സൈറ്റ്-എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോമിലും പരിശോധിച്ചു. ഇതിലും ചിത്രം എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് നല്‍കിയത്.
ഇതോടെ പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം ആദ്യം പങ്കിട്ട മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് ലഭിച്ചു. ഇതില്‍ ചിത്രം ഭാവനാസൃഷ്ടിയാണെന്നും എഐ നിര്‍മിതമാണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി.