Malayalam

Fact Check: ദുരന്തമേഖലയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയ്ക്കൊപ്പം DYFI പോസ്റ്റര്‍? ചിത്രത്തിന്റെ സത്യമറിയാം

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്ഷാപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് തയ്യാറാക്കിയ ഭക്ഷണപ്പൊതികളില്‍ DYFI അവരുടെ പോസ്റ്റര്‍ ചേര്‍ത്ത് വിതരണം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് ആദ്യ ദിവസം മുതല്‍ ഒരുക്കിയ ഭക്ഷണശാല ദേശീയശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഭക്ഷണവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി  2024 ഓഗസ്റ്റ് ആറിന് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പിന്നീട് അവര്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് മന്ത്രിമാര്‍ തന്നെ സംഭവത്തില്‍ വ്യക്തത വരുത്തുകയും ചെയ്തു. ഇതിനിടെയാണ് വൈറ്റ് ഗാര്‍ഡ് തയ്യാറാക്കിയ ഭക്ഷണപ്പൊതികളില്‍ DYFI സ്വന്തം പോസ്റ്റര്‍ ചേര്‍ത്ത് വിതരണം ചെയ്തുവെന്ന് ആരോപിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്

Fact Check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം ഏഴ് വര്‍ഷത്തിലേറെ പഴയതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.

വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ 2021 മെയ് 12ന് എക്സില്‍ പങ്കുവെച്ച ഇതേ ചിത്രം ലഭ്യമായി.  DYFI യെ വിമര്‍ശിച്ചുകൊണ്ടുതന്നെ മറ്റേതോ സാഹചര്യത്തില്‍ പങ്കുവെച്ച ചിത്രമാണിതെന്ന് വിവരണത്തില്‍നിന്ന് വ്യക്തമായി.

ചിത്രം 2021 നോ അതിനു മുന്‍പോ നിലവിലുള്ളതാണെന്നും വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഈ ചിത്രത്തിന് ബന്ധമില്ലെന്നും ഇതോടെ വ്യക്തമായി. തുടര്‍ന്ന് ചിത്രത്തിലെ നോട്ടീസില്‍ നല്‍കിയിരിക്കുന്ന നാല് നമ്പറുകളില്‍ രണ്ടെണ്ണത്തില്‍ ബന്ധപ്പെട്ടു. 

ആദ്യം ബന്ധപ്പെട്ട നമ്പര്‍ കൊല്ലം സ്വദേശി ഷിനുവിന്റേതായിരുന്നു. ചിത്രം പഴയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണം. 

ചിത്രം 2017 കാലഘട്ടത്തിലേതാണ്. അന്ന് ഞാന്‍ DYFI പ്രവര്‍ത്തകനായിരുന്നു. കൊല്ലം ജില്ലാശുപത്രിയിലേക്ക് പൊതിച്ചോര്‍ നല്‍കിയ സമയത്തെ ചിത്രമാണത്. ഇപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയത്തിലില്ല.

അന്നത്തെ DYFI ജില്ലാ സെക്രട്ടറിയും നിലവില്‍ കൊല്ലം ഏരിയ കമ്മിറ്റി അംഗവുമായ വിഷ്ണു കുമാറിനെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണുവുമായി സംസാരിച്ചു. അദ്ദേഹത്തിന്റ പ്രതികരണം: 

“2017 ല്‍ കൊല്ലം ജില്ലയിലെ പത്തനാപുരം ഏരിയയിലെ തലവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലാശുപത്രിയില്‍‌ പൊതിച്ചോറ് വിതരണം ചെയ്ത സമയത്തെ ചിത്രമാണിത്. ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. 2016-17 കാലഘട്ടത്തില്‍ തന്നെയാണ് പൊതിച്ചോറ് വിതരണം DYFI ആരംഭിക്കുന്നത്. പിന്നീട് കൊവിഡ് സമയത്ത് 2021 ല്‍ ഇതേ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.”

യഥാര്‍ത്ഥ പോസ്റ്ററിന്റെ കോപ്പി പ്രസ്സില്‍നിന്ന് ലഭിച്ചാല്‍ പങ്കുവെയ്ക്കാമെന്നും അദ്ദേഹം അറിയിച്ചു. 


തുടര്‍ന്ന് അദ്ദേഹം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 2017ലെ പ്രസ്തുത പൊതിച്ചോറ് വിതരണത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചതായി കണ്ടെത്തി.

ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് വയനാട് ദുരന്തവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചിത്രത്തില്‍ കാണുന്നപോലെയുള്ള പൊതികളില്‍ വൈറ്റ് ഗാര്‍ഡ് വയനാട്ടില്‍‌ ഭക്ഷണവിതരണം നടത്തിയിട്ടില്ലെന്നും വ്യക്തമായി. ഇന്ത്യാടുഡേ ഉള്‍പ്പെടെ പങ്കുവെച്ച വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ അവര്‍ ഭക്ഷണം പായ്ക്ക് ചെയ്യുന്നത് അലുമിനിയം ഫോയില്‍ കവറുകളിലാണെന്നും വ്യക്തമാണ്. മാത്രവുമല്ല, DYFI വയനാട്ടിലെ ദുരന്തമേഖലകളില്‍ ഭക്ഷണവിതരണം നടത്തിയതായും റിപ്പോര്‍ട്ടുകളില്ല. 

ഇതോടെ പ്രചാരണം തീര്‍ത്തും വസ്തുത വിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.

Fact Check: Potholes on Kerala road caught on camera? No, viral image is old

Fact Check: ഇത് റഷ്യയിലുണ്ടായ സുനാമി ദൃശ്യങ്ങളോ? വീഡിയോയുടെ സത്യമറിയാം

Fact Check: ஏவுகணை ஏவக்கூடிய ட்ரோன் தயாரித்துள்ள இந்தியா? வைரல் காணொலியின் உண்மை பின்னணி

Fact Check: ರಷ್ಯಾದಲ್ಲಿ ಸುನಾಮಿ ಅಬ್ಬರಕ್ಕೆ ದಡಕ್ಕೆ ಬಂದು ಬಿದ್ದ ಬಿಳಿ ಡಾಲ್ಫಿನ್? ಇಲ್ಲ, ವಿಡಿಯೋ 2023 ರದ್ದು

Fact Check: హైదరాబాద్‌లో ఇంట్లోకి చొరబడి పూజారిపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి