2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് വിവാദങ്ങളും ഉയരുന്നുണ്ട്. പ്രഖ്യാപനം തട്ടിപ്പാണെന്നും അതിദാരിദ്ര്യ നിര്‍മാര്‍ജനം സംസ്ഥാനത്ത് പൂര്‍ണമല്ലെന്നുമാണ് അവകാശവാദം. ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചെറിയ കുടിലിന് മുന്നില്‍ ഏതാനും സ്ത്രീകളും മക്കളും നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന കുടുംബങ്ങളിലൊന്നാണെന്നും ഇത്തരം കുടുംബങ്ങളെ കണക്കിലെടുക്കാതെയാണ് പ്രഖ്യാപനമെന്നും ആരോപിച്ചാണ് പ്രചാരണം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രം പതിനഞ്ച് വര്‍ഷത്തോളം പഴയതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ നിരവധി മാധ്യമറിപ്പോര്‍ട്ടുകളിലും മറ്റും ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ആദിവാസി വിഭാഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും റിപ്പോര്‍ട്ടുകളിലുമാണ് പ്രതീകാത്മക ചിത്രമമെന്ന നിലയില്‍ ഇത് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
തുടര്‍ന്ന് ഈ റിപ്പോര്‍ട്ടുകളില്‍ ചിത്രത്തെക്കുറിച്ച് വിവരണം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പരിശോധിച്ചതോടെ ദി ഹിന്ദു ഓണ്‍ലൈനില്‍ 2016 നവംബര്‍ 10ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടെത്തി. 2010-ല്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 2010 ഏപ്രില്‍ 23 ന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഹാന്‍ഡ്ഔട്ടില്‍ പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഭാഗത്ത് അധിവസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസികളെക്കുറിച്ചാണ് പഠനമെന്നും വിവരണത്തില്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് പതിനഞ്ചോ അതിലേറെയോ വര്‍ഷം പഴക്കമുണ്ടെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും വ്യക്തമായി. അതേസമയം അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാര്‍ പിന്തുടര്‍ന്ന രീതികളും കണക്കുകളും സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സമൂഹമാധ്യമ വേദികളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.