Malayalam

Fact Check: പാരീസ് ഒളിമ്പിക്സ് പുരുഷ റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം - വീഡിയോയുടെ സത്യമറിയാം

അമേരിക്കയ്ക്കുപിന്നാലെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ഇന്ത്യന്‍ റിലേ ടീമിന്റെ മത്സര ദൃശ്യമെന്ന അടിക്കുറിപ്പോടെയാണ് നാലുമിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

2024 ജൂലൈ 26 ന് തുടക്കം കുറിച്ച പാരീസ് ഒളിമ്പിക്സില്‍ ഇതിനകം ഇന്ത്യ ഏതാനും ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലായി 117 താരങ്ങളാണ് ഇന്ത്യയ്ക്കുവേണ്ടി പാരീസ് ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുന്നത്. ഇതിനിടെയാണ് ഒളിമ്പിക്സിലെ 4x400 മീറ്റര്‍ പുരുഷ റിലേയുടെ ഫൈനല്‍ പ്രവേശന മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ ഇന്ത്യ യോഗ്യതനേടിയതായി അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മലയാളിയായ അജ്മല്‍ നിലമേല്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം അമേരിക്കയ്ക്കു പിന്നാലെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോ പാരീസ് ഒളിമ്പിക്സിലേതല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൊന്നും പാരിസ് ഒളിമ്പിക്സ് റിലേ മത്സരങ്ങളുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മത്സരങ്ങളുടെ സമയക്രമം പരിശോധിച്ചു. ഇതോടെ പുരുഷന്മാരുടെ 4x400മീറ്റര്‍ റിലേ ആദ്യ റൗണ്ട് മത്സരം ഓഗസ്റ്റ് 9-ന് നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് വ്യക്തമായി. ഓഗസ്റ്റ് 11-നാണ് ഫൈനല്‍. 

ഇതോടെ പ്രചരിക്കുന്ന വീഡിയോ പാരിസ് ഒളിമ്പിക്സിലേതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. വീഡിയോയുടെ 3 മിനുറ്റ് 17 സെക്കന്റില്‍ പശ്ചാത്തലത്തിലെ LED ഡിസ്പ്ലേയില്‍ World Athletics Championships Budapest 23 എന്ന് കാണാം. 

ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2023 ഓഗസ്റ്റില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ റിലേ ആദ്യറൗണ്ട് മത്സരത്തില്‍ രണ്ടാംസ്ഥാനം നേടി ഇന്ത്യന്‍ ടീം ഫൈനലില്‍‌ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലഭിച്ചു. 

തുടര്‍ന്ന് എക്സില്‍ നടത്തിയ പരിശോധനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതായും കാണാം. പ്രധാനമന്ത്രി പങ്കുവെച്ച ട്വീറ്റിലെ ദൃശ്യങ്ങളും പ്രചരിക്കുന്ന ദൃശ്യങ്ങളും ഒന്നാണെന്നും വ്യക്തമാണ്.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2023 ലെ ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേതാണെന്ന് വ്യക്തമായി. പ്രസ്തുത മത്സരത്തില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീം അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. 

മുഹമ്മദ് അനസ്, അനോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ടീം തന്നെയാണ് ഇന്ത്യയ്ക്കുവേണ്ട് പാരിസ് ഒളിമ്പിക്സ് പുരുഷ റിലേയിലും മത്സരിക്കുന്നത്. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

Fact Check: Tipu Sultan captured on camera in London? No, viral image shows African slave trader

Fact Check: ഹജ്ജ് യാത്രികര്‍ക്ക് നിരക്കിളവും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അധികനിരക്കും? KSRTC നിരക്കിലെ വാസ്തവം

Fact Check: தந்தையும் மகனும் ஒரே பெண்ணை திருமணம் செய்து கொண்டனரா?

ఫాక్ట్ చెక్: కేటీఆర్ ఫోటో మార్ఫింగ్ చేసినందుకు కాదు.. భువ‌న‌గిరి ఎంపీ కిర‌ణ్ కుమార్ రెడ్డిని పోలీసులు కొట్టింది.. అస‌లు నిజం ఇది

Fact Check: ಬೆಂಗಳೂರಿನಲ್ಲಿ ಮುಸ್ಲಿಮರ ಗುಂಪೊಂದು ಕಲ್ಲೂ ತೂರಾಟ ನಡೆಸಿ ಬಸ್ ಧ್ವಂಸಗೊಳಿಸಿದ್ದು ನಿಜವೇ?