Malayalam

Fact Check: രാജസ്ഥാനില്‍ ദലിത് ബാലനെ പൊതുസ്ഥലത്ത് തൂക്കിലേറ്റിയോ?

രാജസ്ഥാനില്‍ ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേത്രത്തില്‍ പോയതിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ദലിത് ബാലനെ പൊതുസ്ഥലത്ത് തൂക്കിലേറ്റിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

HABEEB RAHMAN YP

രാജസ്ഥാനില്‍ പൊതുസ്ഥലത്ത് ദലിത് ബാലനെ തൂക്കിലേറ്റിയെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേത്രത്തില്‍ പോയതിനാണ് കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൂക്കിലേറ്റിയതെന്നാണ് അവകാശവാദം

ഇന്ത്യയിലെ സംഘപരിവാര്‍ വര്‍ഗീയതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന വിവരണത്തോടെ നിരവധി പേരാണ് ഈ വീഡിയോ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരമൊരു സംഭവം രാജസ്ഥാനില്‍ ഉണ്ടായിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പൊതുസ്ഥലത്ത് ഒരു ദലിത് ബാലനെ ജാതിപരമായ കാരണങ്ങളാല്‍ തൂക്കിലേറ്റിയാല്‍ അത് ദേശീയതലത്തില്‍ തന്നെ വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ വീഡിയോ പ്രചരിച്ചുതുടങ്ങി ഏതാനും ദിവസങ്ങളായിട്ടും ഇത്തരം വാര്‍ത്തകളൊന്നും പ്രാദേശിക ഭാഷകളില്‍ പോലും കണ്ടെത്താനായില്ല. 

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ രാജസ്ഥാന്‍ പൊലീസ് പങ്കുവെച്ച ഒരു എക്സ് പോസ്റ്റ് കണ്ടെത്തി. ഏപ്രില്‍ 28ന് പങ്കുവെച്ച പോസ്റ്റില്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി ഇത്തരമൊരും സംഭവം രാജസ്ഥാനില്‍ ഉണ്ടായിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ തുടര്‍ന്നുന‍ടത്തിയ പരിശോധനയില്‍ കൊല്‍ക്കത്ത പൊലീസും ഇത് വ്യാജമാണെന്ന് അറിയിച്ചതായി കണ്ടെത്തി. പശ്ചിമബംഗാളിലെന്ന വിവരണത്തോടെയും മറ്റ് ഭാഷകളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏപ്രില്‍ 27ന് കൊല്‍ക്കത്ത സൈബര്‍ ക്രൈം വിഭാഗം ഡിസിപി എക്സ് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയത്.

കൊല്‍ക്കത്ത പൊലീസിന്റെ ഈ പോസ്റ്റ് കേരള പൊലീസും ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി.

ഇതോടെ വീഡിയോ രാജസ്ഥാനിലൊ കൊല്‍ക്കത്തയിലോ നടന്ന സംഭവമല്ലെന്ന സൂചന ലഭിച്ചു. എന്നാല്‍ വീഡിയോയുടെ യഥാര്‍ത്ഥ പശ്ചാത്തലം കണ്ടെത്താന്‍ സാധിച്ചില്ല. അതിനായി ശ്രമങ്ങള്‍ തുടരുകയാണ്. 

ദൃശ്യങ്ങളില്‍ കാണുന്ന തൂക്കിലേറ്റാനുപയോഗിക്കുന്ന ഇരുമ്പുതൂണുകളും വടവുമെല്ലാം ഇതൊരു യഥാര്‍ത്ഥ സംഭവമല്ലെന്ന സൂചനയാണ് നല്‍കുന്നത്. ചലചിത്ര ചിത്രീകരണങ്ങളിലും മറ്റും ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് സമാനമായ താല്‍ക്കാലിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. 

വീഡിയോയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ലേഖനത്തില്‍ അവ ചേര്‍ക്കുന്നതാണ്.

Fact Check: Tamil Nadu police attack Hindus in temple under DMK govt? No, video is from Covid lockdown

Fact Check: സോണിയഗാന്ധിയുടെ കൂടെ ചിത്രത്തിലുള്ളത് രാഹുല്‍ഗാന്ധിയല്ലേ? പ്രചാരണത്തിന്റെ സത്യമറിയാം

Fact Check: ஆர்எஸ்எஸ் தொண்டர் அமெரிக்க தேவாலயத்தை சேதப்படுத்தினரா? உண்மை அறிக

Fact Check: ಇಂಡೋನೇಷ್ಯಾದ ಸುಮಾತ್ರಾ ಪ್ರವಾಹದ ಮಧ್ಯೆ ಆನೆ ಹುಲಿಯನ್ನು ರಕ್ಷಿಸಿದ್ದು ನಿಜವೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: బాబ్రీ మసీదు స్థలంలో రాహుల్ గాంధీ, ఓవైసీ కలిసి కనిపించారా? కాదు, వైరల్ చిత్రాలు ఏఐ సృష్టించినవే