Malayalam

Fact Check: വഖഫ് ഭേദഗതി ബില്ലിനെതിരെ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്തുന്ന യുപി പൊലീസ്? വീഡിയോയുടെ വാസ്തവം

വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സമരം ചെയ്ത പ്രതിഷേധക്കാരെ ഉത്തര്‍പ്രദേശ് പൊലീസ് അടിച്ചൊതുക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

12 മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വോട്ടെടുപ്പിലൂടെ വഖഫ് ദേഭഗതി ബില്‍ 2025 ഏപ്രില്‍ 3ന് പുലര്‍ച്ചെ ലോക്സഭ പാസാക്കിയത്. ബില്‍ സംബന്ധിച്ച് നേരത്തെ തന്നെ നിരവധി വിവാദങ്ങളും ചര്‍ച്ചകളും രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഇതുസംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ബില്‍ പാസാക്കിയ സാഹചര്യത്തില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. എന്നാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് തലേദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിന്റേതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വഖഫ് ബില്ലിനെതിരെ നടത്തിയ പ്രതിഷേധപ്രകടനം യോഗി ആദിത്യനാഥിന്റെ യുപി പൊലീസ് അടിച്ചമര്‍ത്തുന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ 2019ല്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ഏതാനും മാധ്യമറിപ്പോര്‍ട്ടുകളില്‍ സമാന ദൃശ്യങ്ങള്‍ കണ്ടെത്താനായി. ലൈവ് ഹിന്ദുസ്ഥാന്‍  എന്ന യൂട്യൂബ് ചാനലിലെ ദൈര്‍ഘ്യമേറിയ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ ഉത്തര്‍പ്രദേശിലെ ഖോരക്പൂരിനടുത്ത് നഖാസ് ചൗക്കിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനുനേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഈ ദൃശ്യത്തിനറെ 2:03 മിനുറ്റില്‍ കാണുന്ന ചുവന്ന നിറത്തിലുള്ള കെട്ടിടം പ്രചരിക്കുന്ന വീഡിയോയിലും കാണാം. 

The Lallentop എന്ന മറ്റൊരു യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന ഇതേ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലും ഈ കെട്ടിടത്തിന്റെ ഒരു ഭാഗം  കാണാം. 

രണ്ട് റിപ്പോര്‍ട്ടുകളിലെയും വിവരങ്ങള്‍ പ്രകാരം സംഭവം നടന്നത് 2019 ഡിസംബര്‍ 20-നാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൂഗ്ള്‍ മാപ്പില്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്നത് ഖോരക്പൂരിലെ നഖാസ് റോഡില്‍ ആണെന്ന് സ്ഥിരീകരിക്കാനായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ANI ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ 2019 ഡിസംബര്‍ 20ന് നല്‍കിയിരുന്നതായി കണ്ടെത്തി.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിന്റേതല്ലെന്നും 2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റേതാണെന്നും വ്യക്തമായി. 

Fact Check: Bihar polls – Kharge warns people against Rahul, Tejashwi Yadav? No, video is edited

Fact Check: KSRTC യുടെ പുതിയ വോള്‍വോ ബസ് - അവകാശവാദങ്ങളുടെ സത്യമറിയാം

Fact Check: அமெரிக்க இந்துக்களிடம் பொருட்கள் வாங்கக்கூடாது என்று இஸ்லாமியர்கள் புறக்கணித்து போராட்டத்தில் ஈடுபட்டனரா?

Fact Check: ಹಿಜಾಬ್ ಕಾನೂನು ರದ್ದುಗೊಳಿಸಿದ್ದಕ್ಕೆ ಇರಾನಿನ ಮಹಿಳೆಯರು ಹಿಜಾಬ್‌ಗಳನ್ನು ಸುಟ್ಟು ಸಂಭ್ರಮಿಸಿದ್ದಾರೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: వాట్సాప్, ఫోన్ కాల్ కొత్త నియమాలు త్వరలోనే అమల్లోకి? లేదు, నిజం ఇక్కడ తెలుసుకోండి