നിര്‍മിതബുദ്ധിയും റോബോട്ടിക്സുമെല്ലാം ഏറെ വളര്‍ന്ന ഇക്കാലത്ത് ശുചീകരണത്തിനും ഭാരിച്ച ജോലികള്‍ക്കും മാത്രമല്ല, കളിക്കാനും വാഹനമോടിക്കാനുമെല്ലാം റോബോട്ടുകളുണ്ട്. പല ജോലികള്‍ പലതരത്തില്‍ ചെയ്യാവുന്ന ഈ യന്ത്രങ്ങള്‍ക്ക് പക്ഷേ പൂര്‍ണമായും മനുഷ്യനെ അനുകരിക്കാനാവില്ല. എന്നാല്‍ മനുഷ്യനൊപ്പം അതേ തലത്തില്‍ കളിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു റോബോട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനയുടെ യന്ത്രമനുഷ്യന്‍ എന്ന വിവരണത്തോടെയാണ് വീഡിയോ.
പ്രചരിക്കുന്ന വീഡിയോയിലെ വ്യത്യസ്ത ഷോട്ടുകള്‍ CG ആനിമേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും യഥാര്‍ത്ഥ ദൃശ്യങ്ങളില്‍ മനുഷ്യര്‍ തന്നെയാണുള്ളതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയില്‍ വിവിധ ഷോട്ടുകളില്‍ വ്യത്യസ്ത ജോലികളെടുക്കുന്ന റോബോട്ടുകളെ കാണാം. ബാഡ്മിന്റണ്‍, ടേബില്‍ ടെന്നീസ് തുടങ്ങിയ കളികള്‍, ഭാരം ചുമക്കല്‍, കൃഷിപ്പണി, ഗുസ്തി, കാലികള്‍ക്ക് തീറ്റ കൊടുക്കല്‍ തുടങ്ങി വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന റോബോട്ടുകളുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍.
പല ഫ്രെയിമുകളിലെയും റോബോട്ടുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസമുള്ളതായി കാണാം. തുടര്‍ന്ന് ഇതില്‍ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചു. റോബോട്ട് ടേബിള്‍ ടെന്നീസ് കളിക്കുന്ന ദൃശ്യത്തിന്റെ യഥാര്‍ത്ഥ പതിപ്പ് യൂട്യൂബില്‍ കണ്ടെത്തി. 2023 മാര്‍ച്ച് 30ന് പങ്കുവെച്ച വീഡിയോയില്‍ കളിക്കുന്നത് സ്ലോവാക്യന്‍ താരം യാങ് വാങും ചെക്ക് റിപ്പബ്ലിക്കന്‍ താരം പവേല്‍ സിരുഷെകുമാണ്.
യൂറോപ്യന്‍ ടേബിള്‍ ടെന്നീസ് യൂണിയന്റെ ലോഗോയും പശ്ചാത്തലവുമെല്ലാം ഈ വീഡിയോയിലും പ്രചരിക്കുന്ന വീഡിയോയിലും ഒരുപോലെയാണെന്ന് കാണാം. സൂക്ഷ്മമായ പരിശോധനയില്‍ ചലനവും ഒരേപോലെയാണെന്ന് കണ്ടെത്തി.
ഇതോടെ മനുഷ്യന്റെ ചലനങ്ങള്‍ ദൃശ്യങ്ങളില്‍ മറ്റ് രൂപങ്ങള്‍ ഉപയോഗിച്ച് പുനസൃഷ്ടിക്കാനാവുമോ എന്ന് പരിശോധിച്ചു. ഇതോടെ ക്യാരക്ടര്‍ ജെനറേഷന്‍ (CG) യുമായി ബന്ധപ്പെടുത്തി നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വണ്ടര്‍ സ്റ്റുഡിയോ എന്ന പ്ലാറ്റ്ഫോം കണ്ടെത്തി.
വെയറുകളോ അറിയാതെതന്നെ ഇത് ചെയ്യാം. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന വിവിധ റോബോട്ടുകളുടെ രൂപങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്യാരക്ടറുകള്‍ ഇതില്‍ കാണാം.
വണ്ടര്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം സംബന്ധിച്ച കുറിപ്പും മാതൃകാവീഡിയോയും കമ്പനി എക്സില്‍ പങ്കുവെച്ചതായും കണ്ടെത്തി.
ഇതോടെ ദൃശ്യങ്ങളിലെ ഓരോ ഷോട്ടും ഇതുപോലെ പല സാഹചര്യങ്ങളില്‍ പല ക്യാരക്ടറുകള്‍ ഉപയോഗിച്ച് നിര്‍മിച്ചെടുത്തതാണെന്നും യഥാര്‍ത്ഥമല്ലെന്നും വ്യക്തമായി.
അതേസമയം കൃഷിപ്പണിയും ശുചീകരണവും ഉള്‍പ്പെടെ ചെയ്യുന്ന റോബോട്ടുകള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയുടെ ചലനവും പ്രവര്‍ത്തനങ്ങളും മനുഷ്യരുടേതുപോലെയല്ല. ഇത്തരം ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്യുന്ന റോബോട്ടുകള്‍ക്ക് മനുഷ്യരൂപം നല്‍കുന്നതും അപൂര്‍വമാണ്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി.