ഇറാനില്‍ ഇസ്ലാമിക ഭരണത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇറാന്‍ പതാകകളുമായി റോഡില്‍ പ്രകടനം നടത്തുന്ന ഒരു ജനക്കൂട്ടത്തിന്റെ വീഡിയോ സഹിതമാണ് പ്രചാരണം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന വീഡിയോ പഴയതാണെന്നും ഇത് ഇറാനില്‍ നടന്ന പ്രതിഷേധത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ദൃശ്യങ്ങള്‍ പഴയതാണെന്ന് വ്യക്തമായി. എക്സ് അക്കൗണ്ടില്‍ 2022-ല്‍ പങ്കിട്ട ഇതേ വീഡിയോ ലഭിച്ചു.
ഇറാനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെര്‍ലിനില്‍ നടന്ന പ്രതിഷേധമെന്ന നിലയിലാണ് 2022 ഒക്ടോബര്‍ 22 ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേസമയത്ത് ചില വാര്‍ത്താ ചാനലുകളുടെ യൂട്യൂബ് ചാനലുകളിലും ഈ വീഡിയോ പങ്കിട്ടതായി കണ്ടെത്തി.
വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണവും സ്ക്രീനില്‍ നല്‍കിയിരിക്കുന്ന സ്ഥലവും പ്രതിഷേധം നടന്നത് ഇറാനിലല്ലെന്ന് വ്യക്തമാക്കുന്നു. ഇറാനില്‍ സ്ത്രീകള്‍ക്ക് കർശന വസ്ത്രധാരണ നിയമങ്ങളുണ്ട്. ഇത് പാലിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യുവതി മരണപ്പെട്ടതിന് പിന്നാലെയാണഅ 2022 ല്‍ ഇറാനില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഈ സമയത്ത് ഇറാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇറാനികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ ഇറാനില്‍ ഇസ്ലാമിക ഭരണത്തിനെതിരായി നടന്ന പ്രതിഷേധമെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 2022-ലെ സംഭവത്തിന് പിന്നാലെ ഇറാനിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെര്‍ലിനില്‍ ഇറാനികള്‍ നടത്തിയ പ്രതിഷേധനത്തിന്റെ വീഡിയോയാണിത്.