Malayalam

Fact Check: മലയാളി സൈനിക ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് കള്ളപ്പണം പിടികൂടിയ ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

മലയാളിയായ ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് 96 കോടി രൂപയുടെ കള്ളപ്പണം സിബിഐ പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

മലയാളിയായ ബിഎസ്എഫ് സൈനികന്റെ വീട്ടില്‍നിന്ന് 96 കോടി രൂപ പഴയ നോട്ടുകളുടെ കള്ളപ്പണം പിടികൂടിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു. ബിഎസ്എഫ് ബറ്റാലിയൻ കമാൻ‍ഡന്റ്  ജിബു ബി മാത്യുവിനെ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കള്ളപ്പണവുമായി പിടികൂടിയെന്നും തുടര്‍ന്ന് പത്തനംതിട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 96 കോടിയിലേറെ രൂപ സിബിഐ കണ്ടെത്തിയെന്നുമാണ് അവകാശവാദം. ഇതിനൊപ്പം പങ്കിട്ടിരിക്കുന്ന വീഡിയോയില്‍ അടുക്കിവെച്ചിരിക്കുന്ന നോട്ടുകെട്ടുകളും കാണാം

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ വീഡിയോ 2018 ജനുവരി 17 ന് NDTV വെബ്സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. കാണ്‍പൂരിലെ ഒരു വീട്ടില്‍നിന്ന് 97 കോടിയിലേറെ രൂപ കണ്ടെടുത്തതായാണ് വാര്‍ത്ത. പൊലീസ് പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്. ഒന്നിലേറെ വ്യക്തികളോ സ്ഥാപനങ്ങളോ സംഭവത്തില്‍ പ്രതികളായേക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലേതല്ലന്ന് വ്യക്തമായി. 

തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനെക്കുറിച്ച് പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാന സംഭവം 2018 ല്‍ ഉണ്ടായതായി കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയില്‍ 2018 ഫെബ്രുവരി 1ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴയില്‍വെച്ചാണ് ജിബു ഡി മാത്യു എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ട്രെയിനില്‍ യാത്ര ചെയ്യവെ  കൈവശംവെച്ച 45 ലക്ഷത്തോളം അനധികൃത പണമാണ് പിടികൂടിയത്. ഇത് ഇയാള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നോ 97 കോടിയോളം രൂപ പിടിച്ചെടുത്തുവെന്നോ റിപ്പോര്‍ട്ടിലില്ല.

 ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. ബിഎസ്എഫ് ഉദ്യോഗസ്ഥനെ അനധികൃത പണവുമായി പിടികൂടിയ സംഭവം സത്യമാണെങ്കിലും ഇത് പഴയ സംഭവമാണെന്നും 2018ലെ സംഭവത്തില്‍ 45 ലക്ഷം രൂപ മാത്രമാണ് പിടിച്ചെടുത്തതെന്നും എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലേത് കാണ്‍പൂരിലുണ്ടായ മറ്റൊരു സംഭവമാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

Fact Check: Nepal floods–Rescue operation saves stranded man? No, video is from Mexico

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದಲ್ಲಿ ಪ್ರವಾಹ ನಂತರ ಮುಸ್ಲಿಮರಿಂದ ಕುರಾನ್ ಪಠಿಸಿ ಪ್ರಾರ್ಥನೆ ಮಾಡಲಾಗುತ್ತಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు